ഓട്ടോസ്പോട്ട്/ അജിത് ടോം
എവിടെയും തോറ്റു പിൻവാങ്ങാൻ തയാറാകാത്ത, കുറ്റം പറഞ്ഞവരെക്കൊണ്ടു നല്ലതു പറയിച്ച പാരന്പര്യമുള്ള വാഹനനിർമാതാക്കളാണ് ഹ്യുണ്ടായി. ഒരു കാറിന്റെ പോരായ്മ കൃത്യമായി തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിൽ ഹ്യുണ്ടായിയുടെ കഴിവ് പ്രശംസനീയമാണ്. ഐ20 എലൈറ്റ്, വെർണ തുടങ്ങിയ മോഡലുകൾക്കു പിന്നാലെ എത്തിയ എക്സെന്റ് സൗന്ദര്യത്തിൽ അല്പം പിന്നിലാണെന്ന് ചില കോണുകളിൽനിന്നെങ്കിലും അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, ഏറെ വൈകുംമുന്പുതന്നെ അതിനു മറുപടിയെന്നോണം അടിമുടി മാറ്റം വരുത്തിയ രണ്ടാം തലമുറ എക്സെന്റുമായി ഹ്യുണ്ടായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹ്യുണ്ടായി വിപണിയിലെത്തിച്ച എക്സെന്റിന്റെ പുതുക്കിയ മോഡലിന്റെ വിശേഷങ്ങളിലൂടെ...
പുറംമോടി: എലാൻട്രയുടെ കൂടെപ്പിറപ്പാണെന്നു തോന്നിക്കുന്ന വിധത്തിലുള്ള ഡിസൈനിംഗാണ് പുതിയ എക്സെന്റിന്. പഴയ മോഡലിൽ എയർഡാമും ഗ്രില്ലുമുണ്ടായിരുന്ന സ്ഥാനത്ത് എലാൻട്രയിലുള്ളതിനു സമാനമായ ക്രോം ഫിനീഷിംഗിലുള്ള വലിയ ഗ്രില്ലുകളാണ് പുതിയ എക്സെന്റിന് നല്‍കിയിട്ടുള്ളത്. മാറ്റങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. പഴയ മോഡലിൽ വൃത്താകൃതിയിലുള്ള ഫോഗ് ലാംപിനും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ചതുരാകൃതിയിൽ നീളമുള്ള ഫോഗ് ലാന്പും അതിനു മുകളിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉൾക്കൊള്ളിച്ചാണ് മുൻഭാഗം ആകർഷകമാക്കിയിരിക്കുന്നത്. പഴയ മോഡലുമായി നേരിയ സാമ്യം തോന്നിക്കുന്നത് ഹെഡ്ലൈറ്റിനു മാത്രമാണ്.
വശങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ക്രോം കോട്ടിംഗുള്ള ഡോർ ഹാൻഡിലും ഡയമണ്ട് കട്ട് അലോയ് വീലുകളും വീതിയേറിയ ഡോർ ബീഡിംഗും ടേണ്‍ ഇൻഡിക്കേറ്ററുള്ള റിയർ വ്യു മിററുമാണ് വശങ്ങളിലുള്ളത്.
പിൻഭാഗത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുന്‍പ് ചെറിയ ടെയിൽ ലാന്പ് അയിരുന്നുവെങ്കിൽ ഇപ്പോൾ ഹാച്ച് ഡോറിലേക്കും നീളുന്ന വലിയ ടെയിൽ ലാന്പ് സെറ്റാണുള്ളത്. ഇതിനു പുറമേ രണ്ട് ലൈറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പുകളും പിൻഭാഗത്തെ മനോഹരമാക്കുന്നു. ബംപറിനു താഴ്ഭാഗത്തുള്ള ബ്ലാക്ക് പോർഷനും മുകളിലെ ഷാർക്ക് ഫിൻ ഏരിയലും പിൻഭാഗത്തിന് സ്പോർട്ടി ഭാവം നല്‍കുന്നുണ്ട്.
ഉൾവശം: ലളിതവും എന്നാൽ എറെ ആകർഷകവുമായ ഇന്റീരിയറാണ് എക്സെന്റിൽ വന്നിരിക്കുന്നത്. ഡാഷ് ബോർഡിലും സീറ്റിലുമുൾപ്പെടെ ബ്ലാക്ക് & വൈറ്റ് കോംപിനേഷനിലുള്ള ഡുവൽ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന്. ഗിയർ ലിവർ പതിവിലും ഉയരത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ ഗിയർ ഷിഫ്റ്റിംഗ് കൂടുതൽ എളുപ്പമാകുന്നുണ്ട്. ചിട്ടയോടെ നിരത്തിയിരിക്കുന്ന എസി വെന്റുകളും ഡാഷ്ബോർഡിന്റെ മധ്യത്തിലെ സെന്റർ കണ്‍സോളും ആകർഷകമാണ്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ടോപ് എൻഡ് മോഡലിൽ ഒരുക്കിയിരിക്കുന്നത്. റേഡിയോ, ഡിവിഡി, യുഎസ്ബി, ബ്ലൂടൂത്ത് എന്നിവയ്ക്കു പുറമേ ആപ്പിൾ കാർപ്ലേ കണക്ടിവിറ്റിയും വാഹനത്തിലുണ്ട്. ജിപിഎസ്, റിവേഴ്സ് കാമറാ സ്ക്രീൻ എന്നീ ജോലിയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുണ്ട്.
രണ്ട് നോബുകളിലായി നിയന്ത്രിക്കുന്ന മാന്വൽ ക്ലൈമറ്റ് കണ്ട്രോളിംഗ് സംവിധാനത്തിനു താഴെ മൊബൈൽ ചാർജിംഗ്, യുഎസ്ബി സ്ലോട്ടുകളും സ്റ്റോറേജ് സ്പേസും ഉൾക്കൊള്ളിച്ചിരുന്നു. സ്റ്റിയറിംഗ് വീലുകളിൽ മൗണ്ട് കണ്ട്രോൾ സ്വിച്ചുകൾ; മീറ്റർ കണ്‍സോളിൽ അനലോഗ് മീറ്ററുകൾ.
വലുപ്പമേറിയ സീറ്റുകളാണ് എക്സെന്റിന്റെ പ്രത്യേകത. പിൻനിര യാത്രക്കാരെ ഏറെ പരിഗണിക്കുന്ന വിധത്തിൽ എസി വെന്റുകളും സീറ്റുകളുടെ മധ്യത്തിൽ ഹാൻഡ്റെസ്റ്റും നല്കിയിരിക്കുന്നു. 3995 എംഎം നീളവും 1660 എംഎം വീതിയും 1520 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.
സുരക്ഷ: സുരക്ഷ മുഖമുദ്രയാക്കിയ കന്പനിയാണ് ഹ്യുണ്ടായി. എക്സെന്റിന്റെ ബേസ് മോഡൽ മുതൽ ഡുവൽ എയർബാഗും എബിഎസ് ബ്രേക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടോപ് എൻഡ് മോഡലുകളിൽ റിവേഴ്സ് സെൻസർ, റിവേഴ്സ് കാമറ തുടങ്ങിയവയും സുരക്ഷയൊരുക്കുന്നു.
എൻജിൻ: 1.2 പെട്രോൾ, ഡീസൽ എൻജിനുകളിലാണ് എക്സെന്റ് പുറത്തിറക്കിയിരിക്കുന്നത്. ഡീസൽ എൻജിൻ 1186 സിസിയിൽ 74 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ എൻജിനാകട്ടെ 1197 സിസിയിൽ 82 ബിഎച്ച്പി കരുത്തും 114 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മൈലേജ്: ഡീസൽ മോഡലുകൾക്ക് 25.4 കിലോമീറ്ററും പെട്രോൾ മോഡലുകൾക്ക് 20.1 കിലോമീറ്ററുമാണ് കന്പനിയുടെ ഉറപ്പ് .
വില: പെട്രോൾ: 5.48 -7.69 ലക്ഷം രൂപ.
ഡീസൽ: 6.39-8.60 ലക്ഷം രൂപ.
ടെസ്റ്റ് ഡ്രൈവ്: പോപ്പുലർ ഹ്യുണ്ടായി, അടിച്ചിറ, കോട്ടയം 9895755022
എലാൻട്രയല്ല, ഇത് എക്സെന്റ്
12:00 AM May 21, 2017 | Deepika.com