നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഇ-കൊമേഴ്സ് ഇടപാടുകൾ ഇന്ത്യയിൽ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. കസ്റ്റമേഴ്സിന് വളരെയധികം മോഡലുകളിൽനിന്നും ഇഷ്ടപ്പെട്ടവ തെരഞ്ഞെടുക്കാൻ സാധിക്കുന്നതോടൊപ്പം വ്യാപാരിക്ക് തന്റെ വസ്തുക്കൾ വിദൂരസ്ഥലങ്ങളിലുള്ള ആളുകളെ യാതൊരു അധികച്ചെലവുമില്ലാതെ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും സാധിക്കുന്നു. വ്യാപാരിക്ക് വില്പനയിൽ വൻ കുതിപ്പുതന്നെ നടത്താൻ സാധിക്കുന്നു. ഇ-കൊമേഴ്സ് നടത്തിപ്പുകാരൻ സ്വന്തമായി ഒരടിസ്ഥാനമുണ്ടാക്കുകയും അവിടെ എല്ലാവരുടെയും ഉത്പന്നങ്ങളുടെ വിവരങ്ങളും അവയുടെ വിലയും പ്രദർശിപ്പിക്കുകയുമാണ് ചെയ്യുന്നത്. കസ്റ്റമർ ഇ-കൊമേഴ്സ് ആപ്ലിക്കേഷനുകൾ വഴി അവ തെരഞ്ഞെടുക്കുകയും വ്യാപാരം നടത്തുകയുമാണ് ചെയ്യുന്നത്. ഈ വിധത്തിൽ ഇ-കൊമേഴ്സ് ഓപ്പറേഷൻസ് നടത്തുന്ന സ്ഥാപനങ്ങളാണ് ആമസോണ്, ഫ്ലിപ്കാർട്ട് മുതലായവ.
എന്നാൽ, ഒരു വ്യാപാരി അദ്ദേഹത്തിന്റെ സ്വന്തം ഉത്പന്നങ്ങൾ സ്വന്തം വെബ്സൈറ്റിൽ പ്രദർശിപ്പിച്ച് ഓർഡർ വാങ്ങി വില്പന നടത്തുകയാണെങ്കിൽ അത് ഇ-കൊമേഴ്സ് ഓപ്പറേഷനായി കണക്കാക്കുന്നതല്ല.
ചരക്കു-സേവനനികുതി നിയമത്തിൽ രജിസ്ട്രേഷൻ എടുക്കേണ്ട ചുരുങ്ങിയ പരിധി ഇരുപതു ലക്ഷം രൂപയുടെ ഇടപാടുകളാണ് (വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴികെ). എന്നാൽ, ഇരുപതു ലക്ഷം രൂപയുടെ പരിധി ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സിനു ബാധകമല്ല. അവർ ബിസിനസ് തുടങ്ങുന്ന സമയത്തുതന്നെ രജിസ്ട്രേഷൻ എടുക്കേണ്ടതും ആദ്യത്തെ ഇടപാടിൽത്തന്നെ നികുതി ചുമത്തേണ്ടതുമാണ്. ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സ് മുഖാന്തരം വ്യാപാരം നടത്തുന്ന വ്യാപാരികൾക്കും ഇതുതന്നെ ബാധകമാണ്. അവർക്കും ഇരുപതു ലക്ഷം രൂപയുടെ ലിമിറ്റ് ബാധകമല്ല. ആദ്യത്തെ വ്യാപാരത്തിനുതന്നെ രജിസ്ട്രേഷൻ എടുക്കേണ്ടതും നികുതി അടയ്ക്കേണ്ടതുമാണ്.
ഉദാഹരണം സഹിതം ഇതു വ്യക്തമാക്കാം. എ എന്ന സ്ഥാപനത്തിന് സാധനങ്ങൾ വിൽക്കുന്നതിന് ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉണ്ടെന്നു കരുതുക. വിവിധ വ്യാപാരികൾ അവരുടെ സാധങ്ങളുടെ വിവരങ്ങൾ അവിടെ പ്രദർശിപ്പിച്ച് വില്പന നടത്തുന്നു എന്നും കരുതുക. എ എന്ന സ്ഥാപനത്തിന് വില്പനവിലയുടെ ഒരു നിശ്ചിത ശതമാനം കമ്മീഷനായിട്ടാണ് ലഭിക്കുക. ഇവിടെ എ എന്ന സ്ഥാപനത്തിനോ ആ പ്ലാറ്റ്ഫോം ഉപയോഗിച്ച് വില്പന നടത്തിയ വ്യാപാരികൾക്കോ അടിസ്ഥാന ഒഴിവായ ഇരുപതു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുകയില്ല.
നിലവിൽ ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സിന് സേവനനികുതിയുടെ ബാധ്യതയാണ് വരുന്നത്. ഇതിനായി ഇന്ത്യയിലൊട്ടാകെയുള്ള ഇടപാടുകൾക്കായി ഒരു രജിസ്ട്രേഷൻ മാത്രമേ ആവശ്യമായിരുന്നുള്ളൂ. എന്നാൽ, ചരക്കുസേവനനികുതിയുടെ ആവിർഭാവത്തോടുകൂടി അവർ സപ്ലൈ ഉള്ള എല്ലാ സ്ഥലങ്ങളിലും രജിസ്ട്രേഷൻ എടുക്കേണ്ടതായിവരുന്നു. സാധനങ്ങൾ എവിടെനിന്നാണോ വിതരണം ചെയ്യുന്നത് അവിടെയായിരിക്കും രജിസ്ട്രേഷനുവേണ്ടിയുള്ള സ്ഥലം. ഇത് ഓഫീസോ വെയർഹൗസോ ഗോഡൗണോ എന്തുമാകാം. അതുകാരണം ഓഫീസോ വെയർഹൗസോ ഗോഡൗണുകളോ ഉള്ള എല്ലാ സംസ്ഥാനങ്ങളിലും ഇവർക്ക് ചരക്കുസേവനനികുതിയുടെ രജിസ്ട്രേഷൻ എടുക്കേണ്ടതായിട്ടുണ്ട്. വിതരണത്തിനുവേണ്ടിയുള്ള സമയം കുറയ്ക്കേണ്ടതിന് എല്ലാ സംസ്ഥാനങ്ങളിലും ഇവ തുടങ്ങേണ്ടതായി വരികയും ചെയ്തു.
നിലവിലുള്ള നിയമത്തിൽ വ്യാപാരിക്ക് വാറ്റ് നികുതിയുടെ ബാധ്യതയും ഇ-കൊമേഴ്സ് ഓപ്പറേറ്റർക്ക് അവർക്ക് ലഭിക്കുന്ന കമ്മീഷനുമേൽ സേവന നികുതിയുടെ ബാധ്യതയും ആയിരുന്നു ചുമത്തപ്പെടുന്നത്. സേവനനികുതി നിയമത്തിൽ ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സ് അഗ്രഗേറ്റർ എന്ന പേരിലാണ് അറിയപ്പെടുന്നതും നികുതി ചുമത്തപ്പെടുന്നതും
ചരക്കു-സേവന നികുതി നിയമം അനുസരിച്ച് എല്ലാ ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സും വില്പനവിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത നികുതി സ്രോതസിൽ പിടിച്ചിരിക്കണം.
കൂടാതെ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന സമയത്ത് യഥാക്രമം സിജിഎസ്ടിയും എസ്ജിഎസ്ടിയും അല്ലെങ്കിൽ ഐജിഎസ്ടിയും കളക്ട് ചെയ്യുന്നുണ്ട്. അതിനാൽ ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സ് ഇവ യഥാക്രമം ക്രമപ്പെടുത്തി സിജിഎസ്ടിയും എസ്ജിഎസ്ടിയും ഐജിഎസ്ടിയുമായി തിരിക്കേണ്ടതും യഥാക്രമം അടയ്ക്കേണ്ടതുമാണ്. അടുത്ത മാസം പത്താം തീയതിക്കുമുന്പ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. ഇ-കൊമേഴ്സ് ഓപ്പറേറ്റേഴ്സ് റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ സാധനം സപ്ലൈ ചെയ്ത വ്യാപാരിക്ക് പ്രസ്തുത ടാക്സിന്റെ ക്രെഡിറ്റ് ലഭിക്കൂ. ചരക്കു-സേവന നികുതിയുടെ റിട്ടേണുകൾക്കു പുറമേ ഇ-കൊമേഴ്സ് ഓപ്പറേറ്റർ സ്രോതസിൽ പിടിച്ച നികുതിയുടെയും റിട്ടേണ്സ് ഫയൽ ചെയ്യണ്ടതുണ്ട്. ഇതു ചെയ്യണ്ടത് ജിഎസ്ടിആർ -8 എന്ന ഫോമിൽ ഇലക്ട്രോണിക് മാർഗത്തിലൂടെയാണ്. ഇതും പത്താം തീയതിക്കു മുന്പായി ഫയൽ ചെയ്തിരിക്കണം. ഇവ കൂടാതെ ഡിസംബർ 31നു മുന്പ് വാർഷിക റിട്ടേണുകളും ഫയൽ ചെയ്യണം. എല്ലാ റിട്ടേണുകളും രജിസ്ട്രേഷൻ എടുത്തിട്ടുള്ള അതാത് സംസ്ഥാനങ്ങളിലാണ് ഫയൽ ചെയ്യേണ്ടത്.
ഇ-കൊമേഴ്സ് ഓപ്പറേറ്റർ ജിഎസ്ടിആർ-8ൽ നൽകിയ റിട്ടേണുകൾ വ്യാപാരി നൽകിയ ജിഎസ്ടിആർ-1 റിട്ടേണുമായി താരതമ്യം ചെയ്യുകയും എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടെത്തിയാൽ ഇ-കൊമേഴ്സ് ഓപ്പറേറ്റർക്കും സപ്ലെയർക്കും നോട്ടീസുകൾ അയയ്ക്കുന്നതുമാണ്. പ്രസ്തുത നോട്ടീസുകൾ ലഭിച്ചുകഴിയുന്പോൾ ഒന്നുകിൽ ഓപ്പറേറ്റർ ജിഎസ്ടിആർ-8ൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയും അല്ലെങ്കിൽ സപ്ലെയർ ജിഎസ്ടിആർ-1ൽ തെറ്റുണ്ടെങ്കിൽ തിരുത്തുകയും വേണം. ഇവ തമ്മിൽ ഒരുമിക്കുന്നില്ലെങ്കിൽ കുറവുള്ള വില സപ്ലെയറുടെ അക്കൗണ്ടിൽ ചേർക്കുന്നതും അവയുടെ നികുതി അടയ്ക്കേണ്ടതായും വരും.
ഇ-കൊമേഴ്സും ചരക്കുസേവന നികുതിയും
11:20 PM May 14, 2017 | Deepika.com