ന്യൂഡൽഹി: ആധാർ കാർഡിലെയും പാൻ കാർഡിലെയും പിശകുകൾ ഇനി ഓണ്‍ലൈനായി തിരുത്താം. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റിലാണ് പുതിയ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. ആധാർ അപ്ഡേഷനും പാൻ അപ്ഡേഷനുമായി രണ്ടു വ്യത്യസ്ത ലിങ്കുകൾ ആണ് സൈറ്റിൽ നല്‍കിയിരിക്കുന്നത്.
ആധാർ സെൽഫ് സർവീസ് അപ്ഡേറ്റ് പോർട്ടൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണെന്നു തെളിയിക്കാൻ ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്.
കഴിഞ്ഞദിവസമാണ് ആധാറും പാനും ബന്ധിപ്പിക്കാനുള്ള ഓണ്‍ലൈൻ സംവിധാനം ആദായ നികുതിവകുപ്പ് അവതരിപ്പിച്ചത്. ആദായനികുതി റിട്ടേണുകൾക്ക് ആധാർ വിവരങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള ധനബിൽ ഭേദഗതി ഈ വർഷമാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഇതിനോടകംതന്നെ 1.22 കോടി പേർ ആധാർ വിവരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിച്ചതായി ആദായനികുതി വകുപ്പ് ആറിയിച്ചു.
ആധാറിലെയും പാനിലെയും തെറ്റുകൾ ഇനി ഓണ്‍ലൈനായി തിരുത്താം!
11:20 PM May 14, 2017 | Deepika.com