കൊച്ചി: രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കപ്പെട്ട മാംഗോ ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ അഥവാ എംഫോണുകള് ഇപ്പോള്‍ കേരളത്തിലെ റീട്ടെയില്‍ വിപണിയിലുമെത്തി. കൊറിയന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കൃത്യതയാര്‍ന്ന രൂപകല്പനയില് അവതരിപ്പിക്കപ്പെട്ട എംഫോണ് ദുബായ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ റിക്കാര്‍ഡ് വില്പന കാഴ്ചവച്ചതിനു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. എംഫോണ്-8, എംഫോണ്-7 പ്ലസ്, എംഫോണ്-6 എന്നീ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്.
എംഫോണ്-8ന് ഫുള്‍ എച്ച്ഡി ഒജിഎസ് എല്‍ജി ഡിസ്പ്ലേയാണുള്ളത്. ഏറ്റവും മികച്ച 21 എംപി പിന് കാമറയും എട്ട് എംപി ഫ്രണ്ട് കാമറയുമാണുള്ളത്. പിന്നിൽ ഡ്യൂവല്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷും മുന്നില്‍ സിംഗിള്‍ എല്‍ഇഡി ഫ്ലാഷും ഉണ്ട്. അതീവസുരക്ഷാ സംവിധാനങ്ങളുള്ള ഇന്ത്യന്‍ ഐഎംഇഐയോടുകൂടിയാണ് എംഫോണ്-8 നിര്‍മിച്ചിരിക്കുന്നത്.
സെല്‍ഫി പ്രേമികള്‍ക്കായി പുറത്തിറക്കുന്ന എംഫോണ്-7 പ്ലസിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുണ്ട്. മുൻഭാഗത്ത് 13 എംപി കാമറയും സിംഗിള്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷുമുണ്ട്. 16 എംപി പിന്കാമറയ്ക്ക് ഡ്യൂവല്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷ്, ഓട്ടോഫോക്കസ് എന്നിവ നല്കിയിരിക്കുന്നു. മീഡിയടെക് എംടികെ 6750ടി പ്രോസസര്‍ മികച്ച പ്രോസസിംഗ് ബാറ്ററി ബാക്കപ് നൽകും. ഗ്രാഫിക്സ്, ഗെയിം, എച്ച്ഡി വീഡിയോ എന്നിവയ്ക്കു പ്രാധ്യാനം നല്കാന് ആര്‍എം മാലി ടി860 എംപി 2 ഗ്രാഫിക്സ് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ഇതിന്റെ പ്രത്യേകതയാണ്.
മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബി എക്സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള എംഫോണ്- 6, മീഡിയടെക് 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസറിലാണു പ്രവർത്തിക്കുന്നത്. 13 എംപി പിൻ കാമറ, എട്ട് എംപി മുൻ കാമറ എന്നിവയുള്ള എംഫോണ്-6ല്‍ ഫിംഗര്‍പ്രിന്റ് സെൻസിംഗ് ലോക്കിംഗ് സംവിധാനം ഉപയോഗിച്ചിരിക്കുന്നു. ശബ്ദവ്യക്തതയ്ക്കായി അതിനൂതന സാങ്കേതികവിദ്യയിലൂടെ സമന്വയിപ്പിച്ച ഓഡിയോ സിസ്റ്റം, ഇന്‍ഫ്രാറെഡ് സഹായത്തോടെ ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന യൂണിവേഴ്സല്‍ റിമോട്ട് സിസ്റ്റം എന്നിവയും എംഫോണ്-6ന്റെ പ്രത്യേകതയാണ്.
എംഫോണ് കേരള വിപണിയില്‍
12:35 AM May 10, 2017 | Deepika.com