വാഷിംഗ്ടൺ ഡിസി: അധികാരം ഏറ്റെടുത്തതിന്റെ നൂറാം ദിനാഘോഷ വേളയിൽ മാധ്യമങ്ങളെ അവഗണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വിരുന്ന് ബഹിഷ്കരിച്ച ട്രംപ്, മാധ്യമങ്ങൾ തെറ്റായ വാർത്തയിലൂടെ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ആരോപിച്ചു. 30 വർഷത്തിനു ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് മാധ്യമ പ്രവർത്തകരുടെ അത്താഴവിരുന്ന് ബഹിഷ്കരിക്കുന്നത്.
നൂറു മൈലുകൾക്കപ്പുറം കൂടുതൽ ആളുകളുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ആളുകളുടെയും കൂടെ ഈ സമയം ചെലവഴിക്കുന്നതിലും ഞാൻ ഏറെ സന്തോഷവാനാണ്. മാധ്യമങ്ങൾ സമൂഹത്തിൽ ഏറ്റവും കുറഞ്ഞ പരിഗണനയാണ് അർഹിക്കുന്നതെന്നും ട്രംപ് പെൻസിൽവാനിയയിൽ പാർട്ടി യോഗത്തിൽ പറഞ്ഞു.
സിനിമ താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 2,600 പേർക്കായി സംഘടിപ്പിച്ച വിരുന്ന് ബഹിഷ്കരിച്ചാണ് ട്രംപ് പാർട്ടി യോഗത്തിൽ പങ്കെടുത്തത്. ട്രംപിനു പുറമെ വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരൊന്നും വിരുന്നിൽ പങ്കെടുത്തില്ല.
പതിറ്റാണ്ടുകൾക്കു ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർക്കായുള്ള വിരുന്ന് ബഹിഷ്കരിക്കുന്നത്. 1981ൽ റോണൾഡ് റെയ്ഗനാണ് ഇതിനു മുന്പ് വിരുന്ന് ബഹിഷ്കരിച്ച അമേരിക്കൻ പ്രസിഡന്റ്.
മാധ്യമങ്ങളെ കടന്നാക്രമിച്ച് ട്രംപിന്റെ 100-ാം ദിനാഘോഷം
11:32 PM Apr 30, 2017 | Deepika.com