ബ്രസൽസ്: യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാനുള്ള ബ്രിട്ടീഷ് തീരുമാനത്തിൽ കടുത്ത നിബന്ധനകളുമായി യൂറോപ്യൻ യൂണിയൻ. യൂണിയനിലെ 27 അംഗരാജ്യങ്ങളും ഇന്നലെ ബ്രസൽസിൽ ചേർന്ന യോഗത്തിലാണ് കടുത്ത നിബന്ധനകൾക്ക് അംഗീകാരം നല്കിയത്. ജനങ്ങളുടെ അവകാശങ്ങൾ, വടക്കൻ അയർലൻഡിന് അംഗത്വം തുടങ്ങിയ കാര്യങ്ങളിൽ ബ്രിട്ടൻ സമ്മതം അറിയിച്ചെങ്കിൽ മാത്രമേ വ്യാപാര കാര്യങ്ങളുൾപ്പെടെയുള്ളതിൽ ചർച്ചയ്ക്കുള്ളൂ എന്നതാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്.
നിബന്ധനകൾ യൂണിയനിലെ 27 അംഗരാജ്യങ്ങളും ഏകകണ്ഠമായി അംഗീകരിച്ചതായി യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡോണൾഡ് ടസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. അംഗരാജ്യങ്ങളിലെ മുപ്പത് ലക്ഷം ജനങ്ങൾ ബ്രിട്ടനിലും പത്ത് ലക്ഷം ബ്രിട്ടീഷുകാർ അംഗരാജ്യങ്ങളിലും നിലവിലുണ്ട്. ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ജർമൻ ചാൻസലർ ആംഗല മെർക്കലും തമ്മിൽ വാക്പോര് നടന്നതിനു പിന്നാലെയാണ് ബ്രെക്സിറ്റ് പൂർത്തിയാക്കാൻ കടുത്ത നിബന്ധനകളുമായി യൂറോപ്യൻ യൂണിയൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. യൂണിയൻ രാജ്യങ്ങൾ ബ്രിട്ടനെതിരേ ഒറ്റക്കെട്ടാകുകയാണെന്ന് മേ ആരോപിച്ചു. ചർച്ചകൾക്ക് മുന്പ് യൂണിയനു നല്കാനുള്ള പണം ബ്രിട്ടൻ നല്കുകയാണ് വേണ്ടതെന്ന് മെർക്കലും തിരിച്ചടിച്ചിരുന്നു.
ബ്രെക്സിറ്റ്: കടുത്ത നിബന്ധനകളുമായി യൂറോപ്യൻ യൂണിയൻ
12:08 AM Apr 30, 2017 | Deepika.com