വാഷിംഗ്ടൺഡിസി: നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് അഭയം അനുവദിക്കുന്ന നഗരങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ ജഡ്ജി തടഞ്ഞു. ഭരണഘടനാദത്തമായ അധികാരത്തിന്റെ പരിധി ലംഘിച്ചിരിക്കുകയാണു പ്രസിഡന്റെന്ന് സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് കോടതി ജഡ്ജി വില്യം ഓറിക് നിരീക്ഷിച്ചു.
ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുമായി സഹകരിക്കാൻ തയാറാവാത്ത നഗരങ്ങൾക്കുള്ള ഫണ്ട് തടയാനായിരുന്നു ജനുവരിയിലെ എക്സിക്യൂട്ടീവ് ഉത്തരവിൽ നിർദേശിച്ചത്. ജസ്റ്റീസ് ഓറിക്കിന്റെ വിധിക്ക് രാജ്യത്തു മുഴുവൻ പ്രാബല്യമുണ്ടാവും.
ഫെഡറൽ ഇമിഗ്രേഷൻ നിയമം അവഗണിച്ച് ഒരു ഡിസ്ട്രിക്ട് കോടതി ജഡ്ജി രാജ്യത്തിനു മുഴുവനായി പുതിയ കുടിയേറ്റ നയം കൊണ്ടുവന്നിരിക്കുകയാണെന്നും ഇതിനെതിരേ നിയമപരമായ നടപടി എടുക്കുമെന്നും വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
കോടതി വിധി ട്രംപ് ഭരണകൂടത്തിനു കനത്ത തിരിച്ചടിയാണെന്നു രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞു. ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവും കോടതി തടഞ്ഞിരുന്നു.
ട്രംപിന്റെ ഉത്തരവിനെതിരേ കോടതി വിധി
12:24 AM Apr 27, 2017 | Deepika.com