ന്യൂഡൽഹി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യമുണ്ടാവുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിൽ പ്രതീക്ഷയർപ്പിച്ച് മികച്ച വില്പനനേട്ടം കൊയ്യാൻ തയാറെടുക്കുകയാണ് രാജ്യത്തെ സ്വർണവിപണി. ഡോളറിനെതിരേ രൂപ കരുത്തു നേടിയതും വിവാഹസീസൺ അടുക്കുന്നതുമാണ് വ്യാപാരികളിൽ പ്രതീക്ഷ നിറയ്ക്കുന്നത്. നോട്ട് റദ്ദാക്കലിനെ തുടർന്ന് സ്വർണമേഖലയിലുണ്ടായ തളർച്ചയെ അക്ഷയ തൃതീയയിലൂടെ മറികടക്കാമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ വർഷം ഈ ദിനത്തിൽ 20 ടൺ സ്വർണം ചെലവായെന്നാണ് കണക്ക്. ഈ വർഷം ഒാരോ വാങ്ങലിനൊപ്പവും സമ്മാനങ്ങളും വിലക്കിഴിവും കാഷ് ബാക്ക് ഒാഫർ തുടങ്ങിയ ആനുകൂല്യങ്ങളുമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ഇതിനു പുറമേ ചില ബ്രാൻഡഡ് കന്പനികൾ പണിക്കൂലിയിൽ കുറവ് വരുത്തുകയും സ്വർണനാണയമുൾപ്പെടെയുള്ള സമ്മാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ
12:23 AM Apr 26, 2017 | Deepika.com