ജനീവ: സിറിയൻ പ്രശ്നം പരിഹരിക്കുന്നതിനു യുഎൻ മധ്യസ്ഥൻ തിങ്കളാഴ്ച റഷ്യൻ വിദേശകാര്യ ഉപമന്ത്രി ഗെന്നഡി ഗാറ്റ്ലിയോവുമായി ചർച്ച നടത്തും. ജനീവയിലാണു ചർച്ച. നേരത്തെ നിശ്ചയിച്ചിരുന്ന ത്രികക്ഷിചർച്ച മാറ്റിവച്ചതായി യുഎൻ മധ്യസ്ഥൻ സ്റ്റഫാൻ ഡി മിസ്തുര പറഞ്ഞു. ത്രികക്ഷിചർച്ച ഇപ്പോൾ പരിഗണനയിലില്ല. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ദൂതൻ എന്തുകൊണ്ട് ചർച്ചയിൽ നിന്ന് പിൻവാങ്ങി എന്ന ചോദ്യത്തിന് അവരോടു ചോദിക്കണമെന്നായിരുന്നു മറുപടി.
സിറിയൻ ഭരണകൂടത്തെയാണു റഷ്യ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷത്തെ യുഎസും. സിറിയൻ പ്രശ്നത്തിലെ നിലപാട് സംബന്ധിച്ചു കൂടുതൽ വ്യക്തത വേണമെന്നു യുഎസിനോടു നേരത്തെ യുഎൻ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് നിലപാടെന്ന് അടുത്തിടെ യുഎസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. സിറിയൻ വിമതരുമായി നടക്കുന്ന ആറാംഘട്ട ചർച്ച തുടങ്ങാനുള്ള ആഗ്രഹവും മിസ്തുര പ്രകടിപ്പിച്ചു. ഈ ചർച്ചകളെല്ലാം ഫലംകാണാതെ പോവുകയായിരുന്നു.
ജനീവയിൽ യുഎൻ-റഷ്യ കൂടിക്കാഴ്ച
12:36 AM Apr 21, 2017 | Deepika.com