ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസും വാണിജ്യമേഖലയിലേക്ക്. മുംബൈ ആസ്ഥാനമായുള്ള ശീതളപാനീയ സ്റ്റാർട്ടപ് റക്യാൻ ബിവറേജസിൽ 3.5 കോടി രൂപയുടെ നിക്ഷേപം നടത്തി പാനീയ ബിസിനസിലേക്ക് ജാക്വിലിൻ പ്രവേശിക്കുന്പോൾ വൻ നിക്ഷേപങ്ങൾ നടത്തിയ നിരവധി താരസുന്ദരിമാർ ജാക്വിലിനു മുൻഗാമികളായുണ്ട്.
പോപ് ഗായികമാരായ മഡോണയും ബിയോൺസുമൊക്കെ ശീതളപാനീയ സ്റ്റാർട്ടപ്പുകളിൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളവരാണ്. കമ്പനികളുടെ ബ്രാൻഡ് അംബാസഡർ പദവിയും ഈ നിക്ഷേപങ്ങളിലൂടെ ഇവർ നേടിയിട്ടുണ്ട്. ഇവരെ കൂടാതെ സെലീന ഗോമസ്, എലൻ ഡിജെനറസ്, ജെസീക്ക ആൽബ, ടൈറ ബാങ്ക്സ് തുടങ്ങിയവരും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയ താരസുന്ദരികളാണ്.
ജാക്വിലിൻ ഫെർണാണ്ടസ്
കമ്പനി: റക്യാൻ ബിവറേജസ് (ശീതളപാനീയം, മുംബൈ ആസ്ഥാനം)
നിക്ഷേപം: 3.5 കോടി രൂപ
മഡോണ
കന്പനി: വിറ്റ കോക്കോ (തേങ്ങാവെള്ളം)
നിക്ഷേപം: 15 ലക്ഷം ഡോളർ
ജെസീക്ക ആൽബ
കമ്പനി: ഹെഡ് സ്പേസ് (മെഡിറ്റേഷൻ ആപ്)
ടൈറ ബാങ്ക്സ്
കമ്പനി: ദ മ്യൂസ് (വനിതാ നേതൃത്വമുള്ള കമ്പനി; ജോലി അന്വേഷണം, കരിയർ അഡ്വൈസ്, കോച്ചിംഗ്, കോഴ്സുകൾ തുടങ്ങിയവ ലഭ്യമാക്കുന്നു.)
നിക്ഷേപം: 10 ലക്ഷം ഡോളർ
എലൻ ഡിജെനറസ്
കമ്പനി: സ്റ്റാംപെഡ് (റസ്റ്ററന്റ്, ബുക്ക്സ്, സിനിമ, സംഗീതം തുടങ്ങിയവ സെർച്ച് ചെയ്യാനുള്ള ആപ്; ഗൂഗിളിലെ മുൻ ജീവനക്കാർ ആരംഭിച്ച കമ്പനി, പിന്നീട് യാഹൂ ഒരു കോടി ഡോളറിന് ഏറ്റെടുത്തു)
നിക്ഷേപം: 15 ലക്ഷം ഡോളർ
ബിയോൺസ്
കമ്പനി: തണ്ണിമത്തൻ ജ്യൂസ് സ്റ്റാർട്ടപ്പായ WTRMLN WTR
സെലീന ഗോമസ്
കമ്പനി: പോസ്റ്റ്കാർഡ് ഓൺ ദ റൺ (മൊബൈൽ സ്റ്റാർട്ടപ്പ്, ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈലിൽ എടുക്കുന്ന ചിത്രങ്ങൾ പോസ്റ്റ് കാർഡ് ആയി മാറ്റാം)
നിക്ഷേപം: 7.5 ലക്ഷം ഡോളർ
താരനിക്ഷേപങ്ങൾ എന്തുകൊണ്ട്?
സമീപകാലത്ത് സ്റ്റാർട്ടപ്പുകളിൽ സെലിബ്രിറ്റി നിക്ഷേപങ്ങൾ ഏറിവരുന്നുണ്ട്. ഹോളിവുഡ് താരങ്ങൾ മുതൽ പ്രഫഷണൽ അത്ലറ്റുകൾ വരെ ഈ പട്ടികയിൽ ഇടംപിടിക്കുന്നു. വലിയ കമ്പനികൾ നടത്തുന്ന നിക്ഷേപങ്ങളോളം താരങ്ങളുടെ നിക്ഷേപത്തുക വരുന്നില്ലെങ്കിലും അഞ്ചു വിധത്തിലാണ് അത് സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്യുന്നത്.
1. ചെലവില്ലാത്ത പരസ്യം
എല്ലാ താരങ്ങൾക്കും ആരാധകവൃന്ദം വളരെയേറെയുണ്ട്. സോഷ്യൽ മീഡിയ സൈറ്റുകളിലാവട്ടെ ഫോളോവേഴ്സിന്റെ എണ്ണം ലക്ഷങ്ങൾ വരും. താരങ്ങൾ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്പോൾ സോഷ്യൽ മീഡിയയിലും മറ്റും വഴി ജനങ്ങളിലെത്തും. ഇത് കന്പനികൾക്ക് ചെലവില്ലാതെയുള്ള പരസ്യമാവുകയാണ് ചെയ്യുന്നത്.
2. വാണിജ്യസാധ്യതകൾ വർധിക്കും
താരങ്ങൾക്കുള്ള മാധ്യമശ്രദ്ധയും സ്വാധീനവും ജനങ്ങളെ ഉത്പന്നങ്ങളിലേക്ക് ആകർഷിക്കും. മിക്ക താരങ്ങളും അവശ്യവസ്തുക്കളിലും ടെക് മേഖലയിലുമാണ് കൂടുതൽ നിക്ഷേപങ്ങൾ നടത്താറുള്ളത്. ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളതും ഈ മേഖലകളിൽത്തന്നെ. താരങ്ങൾക്ക് ഈ ഉത്പന്നങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കാനും കഴിയും.
3. നിക്ഷേപങ്ങൾ കൂടും
താരങ്ങളുടെ നിക്ഷേപം മറ്റു നിക്ഷേപരെക്കൂടി സ്റ്റാർട്ടപ്പുകളിലേക്ക് ആകർഷിക്കും.
4. ജീവനക്കാരുടെ ആത്മവിശ്വാസമുയർത്തും
താരങ്ങൾ നിക്ഷേപം നടത്തി കമ്പനിയോട് കൂടുതൽ അടുത്തുനിൽക്കുന്പോൾ ജീവനക്കാർക്കും കമ്പനിയോട് കൂടുതൽ അടുപ്പമുണ്ടാകും.
5. പണം മുടക്കാതെയുള്ള ബ്രാൻഡ് അംബാസഡർ
മിക്ക കമ്പനികളും കോടികൾ നല്കി പരസ്യങ്ങൾക്കായി താരങ്ങളെ വിലയ്ക്കെടുക്കുന്പോൾ അങ്ങോട്ടു ഫണ്ടിംഗ് നടത്തി തങ്ങളുടെ ബ്രാൻഡ് നെയിം കന്പനികൾക്കു നല്കുകയാണ് താരങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഇത് വലിയൊരളവിൽ ചെലവ് കുറയ്ക്കുന്നുണ്ട്.
ഐബി
സ്റ്റാർട്ടപ് ലോകത്തെ താരസുന്ദരിമാർ
12:28 AM Apr 19, 2017 | Deepika.com