നിലന്പൂർ: പ്രത്യേക അനുമതിയോടെ ചുങ്കത്തറയിൽ ഡയാലിസിസ് കേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങുന്നു.
ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങുന്ന ആദ്യഘട്ടത്തിലെ എട്ട് മെഷീനുകളുടെ ഫണ്ട് കൈമാറ്റം ചൊവവാഴ്ച രാവിലെ പത്തിന് നിലന്പൂർ ടിബി ഹാളിൽ നടക്കും.ചടങ്ങിൽ പി.വി.അൻവർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ എന്നിവർ പങ്കെടുക്കും.
ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് തത്കാലം കേന്ദ്രം പ്രവർത്തനം തുടങ്ങുക. ഇവിടെ ആവശ്യമായ അടിസ്ഥാനസൗകര്യം ചുങ്കത്തറയിലെ കൈത്താങ്ങ് പ്രവാസി കൂട്ടായ്മ നടത്തിവരികയാണ്.
പി.വി.അൻവർ എംഎൽഎ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ എന്നിവരുടെ ഇടപെടലും വ്യാപാരി വ്യവസായി ഏകോപനസമിതി, പാലിയേറ്റീവ് കെയർ, പീസ് കിഡ്നി സപ്പോർട്ടിംഗ് സെന്റർ, ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക്, വിവിധ ക്ലബ്ബുകൾ, പൊതുസമൂഹത്തിന്റെ കൂട്ടായ്മ എന്നിവയെല്ലാം സംരഭത്തിന് മുന്നിലുണ്ട്. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ തലങ്ങളിൽ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനാവശ്യമായ സപ്പോർട്ടിംഗ് കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. വഴിക്കടവ് പ്രവാസി കൂട്ടായ്മ രണ്ടു ലക്ഷം രൂപ പ്രാഥമിക പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ എട്ടുമെഷീനുകളാണ് ഉണ്ടാകുക. എടക്കര പ്രവാസി കൂട്ടായ്മ രണ്ട് മെഷീനും മൂത്തേടം, പോത്തുകല്ല് പ്രവാസി കൂട്ടായ്മകൾ, ഖത്തർ, ദുബായി പ്രവാസി സുഹൃത്തുക്കൾ, നിലന്പൂർ മണ്ഡലം വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവർ ഓരോ മെഷീനും പി.വി.അൻവർ എംഎൽഎയുടെ ട്രസ്റ്റ് ഒരു മെഷീനും നൽകും. തുടർന്ന് ഏഴ് മെഷീനുകൾ പിന്നീട് എംഎൽഎ ഫണ്ടുപയോഗിച്ച് ലഭ്യമാക്കാനും നടപടികളുണ്ട്. ചുങ്കത്തറയിൽ ഡയാലിസിസ് നടത്താനുള്ള അടിസ്ഥാന സൗര്യങ്ങളൊരുക്കി വരുന്നു.
ഇതിനായി ജനറേറ്റർ, സൗരോർജ സംവിധാനം, ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ എന്നിവ നടത്തിവരുന്നതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കെ.ടി.കുഞ്ഞാൻ, ബഷീർ പുതുക്കെള്ളി, യു.ഹൈദ്രു, പി.ടി.അഷറലി, ഹക്കിം ചങ്കരത്ത് എന്നിവർ പങ്കെടുത്തു.
ചുങ്കത്തറയിൽ ഡയാലിസിസ് കേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങും
12:23 AM Apr 18, 2017 | Deepika.com