കാലത്തിനു മുമ്പേ നടന്ന സി.പി.രാമചന്ദ്രന്റെ ചരമവാർഷികം ആരുമറിയാതെ കടന്നുപോയി

10:28 PM Apr 17, 2017 | Deepika.com
ഒറ്റപ്പാലം: നിങ്ങളേക്കാൾ നല്ല കമ്യൂണിസ്റ്റുകാരനാണു ഞാൻ. ഇനി ഈ പാർട്ടിയിൽ ഞാനില്ല. ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖത്തുനോക്കി ഉറച്ച സ്വരത്തിൽ ഇത്രയും പറഞ്ഞ് ഇറങ്ങിപ്പോയ സിപി.രാമചന്ദ്രൻ എന്ന പത്രപ്രവർത്തകരുടെ ഗുരുവും രാഷ്ര്‌ടീയ നേതാവുമായിരുന്ന സി.പി.രാമചന്ദ്രന്റെ ചരമവാർഷികമാണ് ശനിയാഴ്ച്ച ആരുമറിയാതെ കടന്നുപോയത്.

കല്ലേപിളർക്കുന്ന നിലപാടുകൾക്കായി ഉരുക്കിന്റെ നെഞ്ചൂക്കുമായി കാലത്തിനുമുന്നേ നടന്ന സിപി.രാമചന്ദ്രന്റെ ഇരുപതാം ചരമവാർഷികമായിരുന്നു ശനിയാഴ്ച്ച കടന്നുപോയത്. 1923–ൽ ചീറ്റാനിപ്പാട്ടിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടെയും മണ്ണാർക്കാട് കൃഷ്ണൻനായരുടെയും മകനായി ഒറ്റപ്പാലത്തു ജനിച്ച സി.പി.രാമചന്ദ്രൻ ഒരു കാലഘട്ടത്തെ ആകമാനം തൂലികത്തുമ്പുകൊണ്ട് ചിന്തിപ്പിച്ച പത്രപ്രവർത്തകനായിരുന്നു. 1946–ലാണ് ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്.

രണ്ടുവർഷം പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ സെന്റർ ജയിലിൽ കിടന്നു. എകെജിയുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെ പാർട്ടിപത്രത്തിന്റെ ചുമതലയിലേക്ക് എത്തിച്ചത്. ക്രോസ് റോഡ് പത്രത്തിലും ഹിന്ദുസ്‌ഥാൻ ടൈംസിലും ഇദ്ദേഹത്തിന്റെ സേവനമുണ്ടായിരുന്നു. 1986–ൽ ഹിന്ദുസ്‌ഥാൻ ടൈംസിൽനിന്നും വിരമിച്ചതിന്റെ തൊട്ടടുത്തദിവസം ഇന്ത്യൻ തലസ്‌ഥാനത്തിന്റെ മടിത്തട്ടിൽനിന്നും അദ്ദേഹത്തിന്റെ സ്വന്തംനാടായ പറളിയിലേക്ക് വണ്ടികയറി.

അമ്മയ്ക്കു കൊടുത്ത വാക്കുപാലിക്കാനായിരുന്നു അത്. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് പത്രപ്രവർത്തനരംഗത്തെ ഭീഷ്മാചാര്യനായിരുന്ന ചലപതി റാവു ഡൽഹിയിലെ ഒരു ചായക്കടയിൽ അനാഥനെപോലെ മരിച്ചുകിടക്കുന്ന സംഭവമാണ്. അജ്‌ഞാതശവങ്ങളുടെ കൂട്ടത്തിൽപെടുത്തി മോർച്ചറിയിൽനിന്ന് ദഹിപ്പിക്കാൻ കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പാണ് മരിച്ചത് ചലപതി റാവുവാണെന്ന് തിരിച്ചറിഞ്ഞത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗന്ധി, നരസിംഹറാവു മറ്റു പ്രമുഖരെല്ലാം പിന്നീടെത്തി. ഈ സംഭവം സിപിയെ ആഴത്തിൽ നൊമ്പരപ്പെടുത്തി.

ഡൽഹിയിൽ ഒരാൾ മരിച്ചാൽ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവ് സി.പി.രാമചന്ദ്രന് നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിന് കാരണമായി. മരിക്കുമ്പോൾ തനിക്കൊപ്പം മകനുണ്ടായിരിക്കണമെന്ന അമ്മയുടെ മോഹം സി.പി.രാമചന്ദ്രൻ നിറവേറ്റി.

മരിക്കുന്നതിന് ഏതാനുംദിവസംമുമ്പ് ഒരു പത്രത്തിനു നല്കിയ അഭിമുഖത്തിൽ സി.പി.രാമചന്ദ്രൻ പറഞ്ഞു. ഞാൻ ഈ ഗ്രാമത്തെ സ്നേഹിക്കുന്നു. ഡൽഹിയുടെ തിരക്കുപിടിച്ച ജീവിതത്തെയും സുഖസൗകര്യങ്ങളുടെ മാസ്മരികതയും അഴിച്ചുവച്ച് ഇവിടെഞാൻ എത്തിയത് മരിക്കാൻവേണ്ടിയാണ്.

ജീവിതത്തെ നിസംഗതയോടു കൂടി ഋഷിതുല്യമായ മനസുമായി നോക്കിചിരിച്ച സി.പി.രാമചന്ദ്രൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇരുപതുവർഷം കഴിഞ്ഞിരിക്കുകയാണ്.

സി.പി.രാമചന്ദ്രനെ പുതിയ തലമുറ ഓർത്തെന്നുവരില്ല. എന്നാൽ പഴയ ശങ്കേഴ്സ് വീക്കിലിയുടെ വായനക്കാർ ഇദ്ദേഹത്തെ മറക്കില്ല. പ്രീതിങ്ക്സ്, മാൻ ഓഫ് ദി വീക്ക് തുടങ്ങിയ പ്രസിദ്ധമായ കോളങ്ങൾ ഇന്നും പത്രപ്രവർത്തകരുടെ ഓർമകളിൽ നിറഞ്ഞുനില്ക്കും.

കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ക്രോസ് റോഡിൽനിന്നും ന്യൂഏജിൽനിന്നും ഹിന്ദുസ്‌ഥാൻ ടൈംസിലെത്തിയ സിപിഎയെ പഴയ ദില്ലിക്കും പുതിയ ഡൽഹിക്കും വിസ്മരിക്കുക പ്രയാസമാണ്. നാലുദശകമായി നിറഞ്ഞുനിന്ന പത്രപ്രവർത്തന പ്രതിഭാസമായിരുന്നു സി.പി. നേവിയിൽ ജീവനക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം ആർമിയിലും സേവനം അനുഷ്ഠിച്ച് പിന്നീടാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്. ഒറ്റപ്പാലം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പാർട്ടി നിരോധിച്ചപ്പോൾ അറസ്റ്റിലായി.

ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ടും പോലീസ് ഇദ്ദേഹത്തെ വേട്ടയാടി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശങ്ങളോടു വിയോജിപ്പുണ്ടായപ്പോൾ അതേക്കുറിച്ച് അഗസ്ത്യ എന്ന പേരിൽ ശങ്കേഴ്സ് വീക്കിലി എഴുതി. ഇഎംഎസിന്റെ മുന്നറിയിപ്പിനു മറുപടിയായാണ് ഇദ്ദേഹം പാർട്ടിവിട്ടത്. ഹിന്ദുസ്‌ഥാൻ ടൈംസിന്റെ പാർലമെന്റ് ലേഖകനായ ഇദ്ദേഹത്തിന്റെ പാർലമെന്റ് ഇൻ ലാസ്റ്റ് വീക്ക് എന്ന കോളം ഏറെ പ്രസക്‌തമായിരുന്നു.

ഹിന്ദുസ്‌ഥാൻ ടൈംസിലെ കോളങ്ങളിൽ ഒന്നു കടന്നുകൂടാൻ നെഹ്റുവും വി.കെ.കൃഷ്ണമേനോനും കൊതിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അമ്മയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ട സി.പി സ്വന്തം ഗ്രാമത്തിൽ ഒതുങ്ങിക്കൂടി. സി.പി.രാമചന്ദ്രന്റെ ഓർമകൾ ചരിത്രമാണ്.

ഒരു മലയാളി പത്രപ്രവർത്തകനും സ്വന്തമാക്കാൻ കഴിയാത്ത തലയെടുപ്പോടെ സിപിആർ എന്ന ധിക്കാരി. ഇന്നും പത്രപ്രവർത്തനരംഗത്ത് തലയുയർത്തി നില്ക്കുന്നു. ഇന്ത്യയെ പിടിച്ചുകൂലുക്കിയ ഈ പത്രപ്രവർത്തകന്റെ പേരിൽ ഒരു സ്മാരകം മാത്രമാണുള്ളത്– പാലക്കാട് പ്രസ് ക്ലബിൽ.