തടയണകൾ തകർന്നു; കർഷകർ ദുരിതത്തിൽ

12:00 AM Apr 14, 2017 | Deepika.com
പത്തനാപുരം: ഗ്രാമീണ മേഖലകളിലെ കൃഷിയിടങ്ങളോട് ചേർന്നുള്ള തോടുകളിലെ തടയണകൾ തകർന്നു, ദുരിതത്തിലായി കർഷകർ.

കിഴക്കൻ മേഖലയിൽ കടുത്ത വേനലിനെപ്പോലും കർഷകർ അതിജീവിച്ചത് കെഐപി കനാലുകൾ വഴിയും തോടുകൾവഴിയു മുള്ളജലവിതരണത്തിന്റെ സഹായത്തോടെയാണ്.തലവൂർ,വിളക്കുടി,പത്തനാപുരം,പട്ടാഴി പഞ്ചായത്തുകളിലെ കർഷകരാണ് തടയണകളുടെ തകർച്ചയിൽ ഏറെ ബുദ്ധിമുട്ടുന്നത്. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളാണ് തോടുകളിൽ കോൺക്രീറ്റ് ബെൽറ്റ് വാർത്ത് കട്ടിയുള്ള പലകകൾ പാകി തടയണകൾ നിർമ്മിച്ചത്.

സബ് കനാലുകളിൽ നിന്നും തോടുകളിലേക്കെത്തുന്ന ജലം ഇത്തരം തടയണകളിലൂടെ കൃഷിയിടങ്ങളിലേക്കെത്താനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.എന്നാൽ കാലപ്പഴക്കത്താൽ പലകകൾ ദ്രവിച്ച് തടയണകൾ ഇല്ലാതെയായ സ്‌ഥിതിയാണിപ്പോൾ.തടയണകൾസംരക്ഷിക്കാനോ,കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനോ അധികൃതർ തയാറായിട്ടില്ല.

സബ് കനാലുകൾ വഴി ജലമെത്തുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളിലെ കർഷകർക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്‌ഥയാണ്. സമയത്ത് കൃഷിയിറക്കാനും,കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കാനും കഴിയാത്ത അവസ്‌ഥയിലാണ് കർഷകർ.