മണ്ണെണ്ണ വെട്ടിക്കുറച്ചതിൽ പ്രതിഷേധം ശക്‌തം

12:00 AM Apr 14, 2017 | Deepika.com
കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചതിൽ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്‌തമാകുന്നു. ഈ മേഖലയിലെ സംഘടനകൾ പ്രക്ഷോഭം ആരംഭിക്കാൻ തയാറെടുക്കുകയാണ്.

മത്സ്യബന്ധനത്തിന് സിവിൽ സപ്ലൈസ് വകുപ്പ് പ്രതിമാസം നേരത്തേ നൽകി വന്നിരുന്നത് 130 ലിറ്റർ മണ്ണെണ്ണയാണ്. എന്നാൽ ഇത് പലതവണയായി അധികൃതർ കുറവ് വരുത്തി.

ഏറ്റവും ഒടുവിൽ പ്രതിമാസം 97 ലിറ്ററാണ് നൽകിക്കൊണ്ടിരുന്നത്. എന്ന കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ഇത് 90 ലിറ്ററായി ചുരുക്കിയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇന്ധന പ്രതിസന്ധി സൃഷ്ടിച്ച് മത്സ്യബന്ധന മേഖലയിൽ തൊഴിലാളികളെ പട്ടിണിക്കിടാനുള്ള കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ നടപടിയിൽ തൊഴിലാളികൾക്കിടയിൽ അമർഷം പുകയുകയാണ്.

ഫിഷറീസ് വകുപ്പ് മന്ത്രി ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് മണ്ണെണ്ണയുടെ അളവിൽ കുറവ് വരുത്തിയ നടപടി പിൻവലിക്കാൻ നടപടി സ്വീകരിക്കണം.

അല്ലാത്ത പക്ഷം ശക്‌തമായ സമരത്തിന് മത്സ്യത്തൊഴിലാളികൾ തയാറാകുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫനും സെക്രട്ടറി എ.ആൻഡ്രൂസും അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.