പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിൽ പഞ്ചായത്ത്അനുമതിയോടെ സ്ലോട്ടർ ഹൗസ് പ്രവർത്തനം

11:20 PM Apr 09, 2017 | Deepika.com
പത്തനാപുരം: പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ പഞ്ചായത്ത് അനുമതിയോടെ സ്ലോട്ടർഹൗസ് പ്രവർത്തനം ആരംഭിച്ചു.

എന്നാൽ അടിയന്തിരമായി കെട്ടിടം പൊളിച്ചുമാറ്റാൻ എംഎൽഎയുടെ നിർദേശം. കുന്നിക്കോട് ദേശീയ പാതയോരത്ത് തോടിന് മുകളിലായാണ് നിർമ്മാണപ്രവർത്തനം നടത്തിയത്.

ഒരാഴ്ച മുൻപ് വിളക്കുടി പഞ്ചായത്തിന്റെ അനുമതിയോടെ കെട്ടിടത്തിൽ അറവ്ശാലയുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. വേനൽക്കാലത്ത് പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന വലിയ തോട്ടിലേക്കാണ് അറവ്ശാലയിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത്.

വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പ്രദേശവാസികളും വിദ്യാർഥികളും ചേർന്ന് ശുചീകരിച്ച തോടിന് മുകളിലാണ് കൈയേറ്റം. കെട്ടിടം പൊളിച്ചുമാറ്റാൻ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി.വിജയനോട് ഒരാഴ്ച മുൻപെ കെ ബി ഗണേഷ്കുമാർ എംഎൽഎ നിർദേശിച്ചിരുന്നു. എന്നാൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല.

ഇതെ തുടർന്ന് കഴിഞ്ഞ ദിവസം സ്‌ഥലത്തെത്തിയ എംഎൽഎ കെട്ടിട ഉടമയെ നേരിട്ട് വിളിച്ച് വരുത്തി പൊളിച്ചു മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎമ്മിലെ ഭൂരിപക്ഷം അംഗങ്ങളും കെട്ടിടത്തിന് എതിരെ നിലപാടെടുക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

തുടർന്നാണ് എംഎൽഎ പൊളിച്ചുമാറ്റാൻ നിർദേശിച്ചത്. യാതൊരു അടിസ്‌ഥാന സൗകര്യങ്ങളുമില്ലാതെയാണ് ഇവിടെ പഞ്ചായത്ത് മാംസ വിപണനകേന്ദ്രം അനുവദിച്ചതെന്നും പരാതിയുണ്ട്.