കരുനാഗപ്പള്ളിയിലും ചവറയിലും വാക്കേറ്റം;ജൂനിയർ എസ്ഐയ്ക്ക് പരിക്ക്

11:20 PM Apr 06, 2017 | Deepika.com
കരുനാഗപ്പള്ളി/ചവറ: കരുനാഗപ്പള്ളിയിലും ചവറയിലും ഹർത്താൽ പൂർണമായിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ തള്ളി കയറാൻ ശ്രമിച്ചത് കാരണം പോലീസ് ബല പ്രയോഗത്തിന് കാരണമായി.

കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാർ എത്തിയതറിഞ്ഞ് ഹർത്താൽ അനുകൂലികൾ ബാങ്കിൽ എത്തി. ജീവനക്കാരെ പുറത്താക്കാൻ ശ്രമം നടത്തിയതിനിടയിൽ പോലീസുമായി നടന്ന ഉന്തും തള്ളിലിലും കരുനാഗപ്പള്ളി സ്റ്റേഷനിലെ ജൂനിയർ എസ് ഐ ആർ.സജീവിന് പരിക്കേറ്റു. മുഖത്തും മൂക്കിനും പരിക്കേറ്റ എസ്ഐ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ചിലർക്കെതിരെ കേസെടുത്തു. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകൾ ജീവനക്കാർ എത്താത്തത് കാരണം പ്രവർത്തിച്ചില്ല. യുഡിഎഫ് പ്രവർത്തകർ വിവിധ പഞ്ചായത്തുകളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അങ്ങിങ്ങ് പ്രതിഷേധങ്ങൾ അണ പൊട്ടി.

പ്രകടനം നടത്തിയ പ്രതിഷേധക്കാർ വഴിയിൽ വന്ന സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. ചവറ തട്ടാശേരിയിലെ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം പ്രതിഷേധത്തെ തുടർന്ന് നിർത്തിവയ്പ്പിച്ചു. യുഡിഎഫ് ചവറ മണ്ഡലം കമ്മിറ്റി ഹർത്താലുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനം ശങ്കരമംഗലത്ത് സമാപിച്ചു.

ചവറ ഗവ: കോളേജ് , ശങ്കരമംഗലം എസ്ബിഐ ശാഖ എന്നിവിടങ്ങളിലെത്തിയ സമരക്കാർ ജീവനക്കാരെ പുറത്തിറക്കി സ്‌ഥാപനങ്ങൾ അടപ്പിച്ചു. പ്രകടനം നടത്തിയ സമരക്കാർ എസ്ബിഐ ശാഖ തുറന്നിരിക്കുന്നത് കണ്ടാണ് കയറിയത്.

അടച്ചിട്ട ഗ്രിൽ തുറന്ന് ബാങ്കിനുള്ളിൽ കയറി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പോലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. തുടർന്ന് ചവറ കോളേജിലെത്തിയ സമരക്കാർ രണ്ടാം നിലയിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ടന്നറിഞ്ഞ് ഇടിച്ചു കയറുകയായിരുന്നു. താല്കാലിക ജീവനക്കാരി ഉൾപ്പടെ അഞ്ച് പേർ ഓഫീസിലുണ്ടായിരുന്നു.

സമരക്കാർ വരുന്നതറിഞ്ഞ് ഓഫീസ് മുറിക്കുള്ളിൽ കയറിയ ജീവനക്കാരെ ബലം പ്രയോഗിച്ച് കതക് തുറപ്പിക്കാൻ നോക്കിയെങ്കിലും ചവറ എസ്ഐ ഇടപെട്ട് പ്രവർത്തകരെ പുറത്താക്കുകയായിരുന്നു.

രണ്ടാം നിലയിലെ ബോർഡുകൾ, ജിവനക്കാർ വന്ന വാഹനങ്ങളിലെ ഹെൽമറ്റുകൾ എന്നിവ സമരക്കാർ നശിപ്പിച്ചു. യുഡി എഫിന്റെ നേതൃത്വത്തിൽ ശങ്കരമംഗലം സിഐ ഓഫീസിനു മുന്നിൽ നടന്ന യോഗം ഡിസിസി സെക്രട്ടറി ചക്കനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബാബുജി പട്ടത്താനം, ജസ്റ്റിൻ ജോൺ, അരുൺ രാജ്, എസ്. ശോഭാ ഇ.റഷീദ്, ശരത് പട്ടത്താനം, തുളസി ധരൻ പിള്ള, ചിത്രാലയം രാമചന്ദ്രൻ, കിഷോർ , ഡി.സുനിൽകമാർ എന്നിവർ നേതൃത്വം നൽകി.

വൈകുന്നേരം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചവറ സി ഐ ഓഫീസിലേക്ക് മാർച്ച് നടത്തി.ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. നേരിയ വാക്കേറ്റം ഉണ്ടായി. മാർച്ച് സേതുനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. സന്തോഷ് തുപ്പാശേരി, ചക്കനാൽ സനൽ, യൂസഫ് കുഞ്ഞ്, ബാബു.ജി. പട്ടത്താനം, അരുൺ രാജ്, ശരത് പട്ടത്താനം തുടങ്ങിയവർ പ്രസംഗിച്ചു.