കോൺഗ്രസ് നേതാക്കളെ പോലീസ് മർദിച്ചെന്ന് ആരോപണം; കൊടിക്കുന്നിൽ പ്രതിഷേധിച്ചു

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: കുന്നത്തൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മൃഗീയമായി തല്ലിചതച്ച പോലീസ് നടപടിയിൽ കൊടിക്കുന്നിൽ സുരേഷ് എംപി പ്രതിഷേധിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്കും പ്രവർത്തകർക്കും നേരെ പോലീസ് നടു റോഡിൽ അതിക്രമം അഴിച്ചു വിട്ടത്. ഹർത്താലിനോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ സമരത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അതിക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

നാട്ടിൽ അരക്ഷിതാവസ്‌ഥ സൃഷ്ടിക്കുവാൻ പിണറായി സർക്കാർ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ഭരണക്കാരുടെ ചട്ടുകമായി പോലീസ് മാറിയെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. കുന്നത്തൂരിലെ കോൺഗ്രസ് നേതാക്കളെ അതിഭീകരമായി ആക്രമിക്കുകയും കള്ളകേസ് എടുക്കുകയും ചെയ്തത് ഫാസിസ്റ്റ് നടപടിയാണ്. മർദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ ശക്‌തമായ നടപടി സ്വീകരിക്കണം.

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നേരെ പോലീസ് നടത്തുന്ന ഈ നരനായാട്ട് അവസാനിപ്പിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. പോലീസിന്റെ ഈ ഭീകരവാഴ്ചയ്ക്ക് കടിഞ്ഞാണിടണമെന്നും അല്ലാത്ത പക്ഷം വരും നാളുകളിൽ ശക്‌തമായ സമരങ്ങളെ നേരിടേണ്ടി വരുമെന്നും കൊടിക്കുന്നിൽ മുന്നറിയിപ്പ് നൽകി.