പനയം തെക്കേവീട്ടിൽമുക്ക് വഴിയുള്ള ബസ് ട്രിപ്പ് മുടക്കുന്നു

11:20 PM Apr 06, 2017 | Deepika.com
അഞ്ചാലുംമൂട്: കൊല്ലത്തുനിന്ന് പനയം തെക്കേവീട്ടിൽമുക്ക് വഴി പെരുമണിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് മുടക്കുന്നത് പതിവായതായി പരാതി.

ഇതുവഴിയുള്ള ഏക സർവീസാണ് അധികൃതർ യാതൊരു മുന്നറിയിപ്പും കൂടാതെ മുടക്കിയത്. നാല് വർഷം മുമ്പ് നിരവധി നിവേദനങ്ങളുടെ ഫലമായാണ് നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ചത്. തുടക്കത്തിൽ 10 ട്രിപ്പുകൾ ഉണ്ടായിരുന്നു.

ഘട്ടം ഘട്ടമായി ട്രിപ്പ് വെട്ടിചുരുക്കി രണ്ടര ട്രിപ്പിൽ ഇപ്പോൾ ഒതുക്കിയിരിക്കുകയാണ്. ലാഭത്തിൽ പോകുന്ന ബസിന്റെ ട്രിപ്പ് മുടക്കുന്നത് കൂടാതെ കഴിഞ്ഞ ഒരു മാസമായി ഞായറാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളിൽ ബസ് അയയ്ക്കാറില്ല. സ്വകാര്യബസ് മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണ് ബസ് മുടക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

പെരുമൺ എഞ്ചിനീയറിംഗ് കോളേജ്, പെരിനാട് റയിൽവേ സ്റ്റേഷൻ, വിവിധ സ്കൂളുകൾ, കശുവണ്ടി ഫാക്ടറികൾ തുടങ്ങിയ സ്‌ഥാപനങ്ങളിലേക്ക് പോകേണ്ടവർ യാത്രാ ദുരിതത്തിലാണ്.

10 ട്രിപ്പുകളും പുനഃസ്‌ഥാപിച്ച് പനയം തെക്കേവീട്ടിൽമുക്ക് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള പ്രതികരണവേദി സംസ്‌ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.വി. ഷാജി ഗതാഗതവകുപ്പ് മന്ത്രി തോമസ്ചാണ്ടിക്ക് പരാതി നൽകി.