പ്ലാസ്റ്റിക് കവർ നിരോധനം: റെയ്ഡ് തുടരുന്നു

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: ജില്ലയിൽ 50 മൈക്രോണിൽ താഴെയുളള പ്ലാസ്റ്റിക് കവറുകളുടെ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി കടകളും മാർക്കറ്റുകളും കേന്ദ്രീകരിച്ചുളള പരിശോധന കർശനമാക്കി.

ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും അഞ്ചു നഗരസഭകളിലും അനധികൃത പ്ലാസ്റ്റിക് കവർ വിൽപ്പന തടയുന്നതിനായി പരിശോധനയും റെയ്ഡും തുടർച്ചയായി നടത്തുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

കൊല്ലം കോർപ്പറേഷനിൽ 10 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കോർപ്പറേഷൻ പ്രദേശത്തെ തുണിക്കടകൾ, ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ഫ്രൂട്ട് സ്റ്റാളുകൾ, മത്സ്യമാർക്കറ്റുകൾ, പച്ചക്കറി കടകൾ, വഴിയോര കച്ചവട സ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.

കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു റെയ്ഡ്. വിൽപ്പനക്കായി സൂക്ഷിച്ച ഉദ്ദേശം 350 കിലോഗ്രാം അനധികൃത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.

നഗരസഭയിൽ രജിസ്റ്റർ ചെയ്യാത്ത കച്ചവടക്കാർ പ്ലാസ്റ്റിക് കവറുകളിൽ വിൽപ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി കൃഷ്ണകുമാർ അറിയിച്ചു.

50 മൈക്രോണിൽ കൂടുതലുളള കവറുകൾ ഉപയോഗിക്കണമെങ്കിൽ നഗരസഭയിൽ രജിസ്റ്റർ ചെയ്ത് പ്രതിമാസം 4000 രൂപാ പ്രകാരം ഒരു വർഷത്തേക്ക് 48000 രൂപാ ഫീസ് നൽകണം. റെയ്ഡിന് ഹെൽത്ത് സൂപ്പർവൈസർ ബി ശശികുമാർ നേതൃത്വം നൽകി.

ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ ബിനോയി, സുധാകുമാരി, ജി എസ് സുരേഷ്, സുരേഷ്കുമാർ, പ്രമോദ്, ഫൈസൽ, കിഷോർ എന്നിവരോടൊപ്പം 11 ഓളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും പങ്കെടുത്തു. വരുംദിവസങ്ങളിൽ പരിശോധനയും റെയ്ഡുകളും ശക്‌തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി വി ആർ രാജു അറിയിച്ചു.