ക്ഷേത്രോത്സവത്തിലെ ഹരിതസദ്യ ശ്രദ്ധേയമായി

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഉടമകളും ഡ്രൈവർമാരും ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തിയ സദ്യ ശ്രദ്ധേയമായി. സദ്യ ഹരിതചട്ടങ്ങൾ പാലിച്ച് നടത്തണമെന്ന ജില്ലാ ശുചിത്വ മിഷന്റെ അഭ്യർത്ഥന നിറഞ്ഞ മനസോടെ ഓട്ടോതൊഴിലാളികളും ഉടമകളും ഏറ്റെടുത്തു.

ഉപയോഗശേഷം വലിച്ചെറിയുന്ന ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഇല എന്നിവയ്ക്ക് പകരം പൂർണമായും വാഴയിലയാണ് സദ്യക്കായി ഉപയോഗിച്ചത്. കുടിവെളളം, പായസം എന്നിവ നൽകുന്നതിനായി പ്ലാസ്റ്റിക്, പേപ്പർ കപ്പുകൾ ഉപയോഗിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതിനായി 4000 ഓളം പേപ്പർ, പ്ലാസ്റ്റിക് കപ്പുകളും സംഘാടകർ കരുതിയിരുന്നു. എന്നാൽ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ജി കൃഷ്ണകുമാറുമായി നടത്തിയ ചർച്ചയെത്തുടർന്ന് കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ ഗ്ലാസുകളാണ് ഇതിനായി ഉപയോഗിച്ചത്.

3500 ഓളം പേർക്ക് സദ്യ വിളമ്പുമ്പോൾ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ ഗ്ലാസുകൾ പ്രായോഗികമല്ല എന്ന സംശയം സംഘാടകരിൽ ചിലർക്ക് ഉണ്ടായിരുന്നു. എന്നാൽ ഓട്ടോഡ്രൈവർമാർ സദ്യവട്ടങ്ങൾ വിളമ്പാൻ ചുമതലപ്പെടുത്തിയത് വെറ്റമുക്ക് (കുറ്റാമുക്ക്) മഹിളാ കാറ്ററിംഗ് സംഘത്തിലെ 23 ഓളം കുടുംബശ്രീ പ്രവർത്തകരായ വനിതകൾ ഈ വെല്ലുവിളി ഏറ്റെടുത്തു.

ഇവരുടെ കൺവീനർ ആർ ശുഭയുടെ നേതൃത്വത്തിൽ ഗ്ലാസുകൾ വളരെ വേഗം വൃത്തിയാക്കി എത്തിച്ചതോടെ സദ്യ ഹരിതമായി മാറുകയായിരുന്നു. ഡിസ്പോസിബിൾ പ്ലാസ്റ്റിക്, പേപ്പർ കപ്പുകളും പാത്രങ്ങളും ഒഴിവാക്കി 3500 ലധികം പേർ പങ്കെടുത്ത സദ്യ നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇത്തരം ചടങ്ങുകളിൽ ഹരിതചട്ടം പാലിച്ചാൽ അജൈവ മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതായി ഉത്സവ കമ്മിറ്റി ഭാരവാഹികൾ കൂട്ടിച്ചേർത്തു.

സിവിൽ സ്റ്റേഷൻ ഓട്ടോഡ്രൈവേഴ്സ് കൺവീനർ ജെ. വേണു, ഉത്സവ കമ്മിറ്റി പ്രസിഡന്റ് ബി ശ്രീകുമാർ, സെക്രട്ടറി റ്റി വി വിനോദ്, സി രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി. സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ ഗ്രീൻ പ്രോട്ടോക്കോളിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ മാതൃകാ പ്രവർത്തനം.