രാജ്യത്തെ മൊത്തം വൈദ്യുതിയുത്പാദനത്തിൽ 65 ശതമാനം ഉത്പാദിപ്പിക്കുന്നത് താപവൈദ്യുതി നിലയങ്ങളിൽനിന്നാണ്. കണക്കുകളനുസരിച്ച് 22 ശതമാനം വൈദ്യുതി ജലവൈദ്യുതനിലയങ്ങളിൽനിന്നും മൂന്നു ശതമാനം ആണവനിലയങ്ങളിൾനിന്നുമാണ്. ശേഷിക്കുന്ന പത്തു ശതമാനം മാത്രമാണ് സോളാർ, കാറ്റ്, ബയോമാസ് തുടങ്ങിയവയിൽനിന്ന് ഉത്പാദിപ്പിക്കുന്നത്.
ആണവനിലയങ്ങളിൽ യുറേനിയത്തിനു പകരം തോറിയം ഉപയോഗിക്കാൻ കഴിയും. കാരണം, ലോകത്തിലെ ഏറ്റവും വലിയ തോറിയം ശേഖരം ഉള്ളത് ഇന്ത്യയിലാണ്. ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസേർച്ചിന്റെ (എഎംഡി) റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 1.07 കോടി ടൺ മൊണസൈറ്റ് ശേഖരമുണ്ട്. ഇതിൽ 9,63,000 ടൺ തോറിയം ഒക്സൈഡ് അടങ്ങിയിരിക്കുന്നു. സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്റ് ഫോർ ആറ്റോമിക് എനർജി(ഡിഎഇ)യുടെ ഒരു ശാഖയാണ് എഎംഡി.
തോറിയം ഓക്സൈഡിൽനിന്ന് തോറിയം ആകുന്പോൾ അത് 3,60,000 ടൺ വരും. അതേസമയം യുറേനിയം നിക്ഷേപം 70,000 ടണ്ണേ ഉള്ളൂ. ആഗോളതലത്തിലുള്ള തോറിയം ശേഖരത്തിന്റെ 25 ശതമാനവും ഇന്ത്യയിലാണ്. ഇത് ഉപയോഗപ്രദമാക്കിയാൽ ആണവനിലയങ്ങൾക്കായുള്ള യുറേനിയത്തിന്റെ ഇറക്കുമതി കുറയ്ക്കാനാകും.
രാജ്യത്തുള്ള തോറിയം ഉപയോഗിച്ചാൽ വർഷം ശരാശരി 3,58,000 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ആറ്റോമിക് എനർജി കമ്മീഷൻ ചെയർമാനും ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി സെക്രട്ടിയുമായിരുന്ന എം.ആർ. ശ്രീനിവാസൻ പറയുന്നു. ഭാവിയിൽ ഇന്ത്യ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇന്ത്യയുടെ യുറേനിയം ഇറക്കുമതി
2008 മുതലാണ് ഇന്ത്യ ആണവഇന്ധന മാർക്കറ്റിലേക്കു കടക്കുന്നത്. ഇന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിൽത്തന്നെയാണ് ഇന്ത്യ. റഷ്യ, ഖസാക്കിസ്ഥാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇപ്പോൾ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നും യുറേനിയം വാങ്ങുന്നുണ്ട്.
2008 മുതൽ ഏകദേശം 5,559 മെട്രിക് ടൺ യുറേനിയം ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. 21 റിയാക്ടറുകളിലേക്കുവേണ്ടിയാണിത്. പ്രവർത്തനത്തിലുള്ള 21 റിയാക്ടറുകളിൽനിന്നായി മൊത്തം വൈദ്യുതിയുടെ മൂന്നു ശതമാനം ഉത്പാദിപ്പിക്കുന്നു, 6000 മെഗാവാട്ട് വൈദ്യുതി.
വിതരണ രാജ്യങ്ങളിൽനിന്ന് നിർദിഷ്ട അളവിൽ യുറേനിയം ലഭക്കാത്തത് ഉദ്ദേശിച്ച അളവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ രാജ്യത്തിനു വിലങ്ങുതടിയാകുന്നുണ്ട്. 2016ൽ ഊർജമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ 88,537 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നു പറഞ്ഞിരുന്നതെങ്കിലും 74,535.72 മെഗാ വാട്ട് മാത്രമേ ഉത്പാദിപ്പിക്കാൻ കഴിഞ്ഞുള്ളൂവെന്ന റിപ്പോർട്ടുകൾ പിന്നീടു വന്നു.
ഐബി
ഏറ്റവും കൂടുതൽ തോറിയം ശേഖരമുള്ളത് ഇന്ത്യയിൽ
11:55 PM Feb 23, 2017 | Deepika.com