കൊട്ടാരക്കര താലൂക്കിൽ റേഷൻകടകളിൽസാധനങ്ങൾ എത്തി

11:27 PM Apr 05, 2017 | Deepika.com
കൊട്ടാരക്കര: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും എല്ലാ പദ്ധതികളിലുമുൾപ്പെട്ട ഗുണഭോക്‌താക്കൾക്കുള്ള മാർച്ചിലെ മുഴുവൻ റേഷൻ വിഹിതവും എത്തിച്ചു. എട്ടുവരെ കാർഡുടമകൾക്ക് ഇവ വാങ്ങാവുന്നതാണ്.

എഎവൈ കാർഡുടമകൾക്ക് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും ബിപിഎൽ കാർഡുടമകൾക്ക് ഒരംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോ ഗ്രാം ഗോതമ്പും തീർത്തും സൗജന്യമായി ലഭിക്കുന്നതാണ്. എപിഎൽ റേഷൻ കാർഡുടമകൾക്ക് അഞ്ച് കിലോഗ്രാം അരി 8.90 നിരക്കിലും ഒരു കിലോഗ്രാം ഗോതമ്പ് 6.70 നിരക്കിലും ലഭിക്കുന്നതാണ്.

ഈ കാർഡുടമകൾക്കെല്ലാം പച്ചരിയും കുത്തരിയും ലഭ്യതക്കനുസരിച്ച് റേഷൻ വിഹിതമായി ലഭിക്കുവാൻ അർഹത ഉണ്ടായിരിക്കും. എഎവൈ, ബിപിഎൽ കാർഡുടമകൾക്ക് ഒരംഗത്തിന് 250 ഗ്രാം വീതം പഞ്ചസാര കിലോഗ്രാമിന് 13.50 നിരക്കിൽ കിട്ടുന്നതാണ്. ലിറ്ററിന് 21 രൂപ നിരക്കിൽ വൈദ്യുതീകരിച്ച വീട്ടിലെ റേഷൻ കാർഡിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ റേഷൻ കാർഡിന് നാല് ലിറ്ററും മണ്ണെണ്ണ ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച പരാതികൾ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിൽ 2454769 എന്ന ഫോൺ നമ്പരിൽ അറിയിക്കാവുന്നതാണ്.