കൊടുംചൂടിൽ ദാഹിക്കുന്നവർക്ക് ആശ്വാസമായി മുജീബിന്റെ സൗജന്യ നാരങ്ങാവെള്ളം

11:24 PM Apr 04, 2017 | Deepika.com
കൊട്ടിയം: കേരളം വേനൽക്കെടുതിയിൽ വരണ്ടുണങ്ങുമ്പോൾ ദാഹജലം കിട്ടാത്തവർക്ക് ആശ്വാസമാകുകയാണ് കൊട്ടിയം മുജീബ് എന്ന ചെറുപ്പക്കാരൻ. കടയിലെ ജീവനക്കാരനായ മുജീബ് തന്റെ വരുമാനത്തിൽ ഭൂരിഭാഗവും ചിലവഴിക്കുന്നത് പാവങ്ങളെ സഹായിക്കാനാണ്.

കത്തിയമരുന്ന ചൂടിൽ വെള്ളം കിട്ടാതെ തളർന്നു പോകുന്ന ജനത്തെക്കണ്ടപ്പോൾ മുജീബിനുണ്ടായ ഒരാശയമാണ് അവർക്കു തന്റെ ചെലവിൽ വെള്ളം കൊടുക്കുകയെന്നത്. ഇതുപ്രകാരം കൊട്ടിയം ജംഗ്ഷനിൽ നിന്ന് ഹോളിക്രോസ് ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിൽ ഒരു ടാർപാളിൻ കൊണ്ട് പന്തലിട്ട് വഴിയാത്രക്കാർക്ക് ഉപ്പിട്ട നാരങ്ങാവെള്ളം കൊടുക്കാൻ തുടങ്ങി ഈ യുവാവ്.

അദ്ദേഹം തന്നെ നേതൃത്വം കൊടുക്കുന്ന പ്രതീക്ഷ സൗഹൃദക്കൂട്ടായ്മയിലെ ജോണിച്ചാക്കോ, വിനിസ്റ്റൺ , ബിജു തുടങ്ങിയ സുഹൃത്തുക്കളും സഹായത്തിനെത്തി . ഏതായാലും ദിവസേന അറുന്നൂറോളം പേർ നാരങ്ങാവെള്ളം കുടിക്കുന്നുണ്ട്. കാഴ്ച്ച കണ്ട പലരും ഇപ്പോൾ നാരങ്ങയും പേപ്പർ കപ്പുകളും വാങ്ങിക്കൊടുക്കാനും തുടങ്ങി. ഒരു പത്ര വാർത്തകളുടെയും പിൻബലമില്ലാതെ ഈ ചെറുപ്പക്കാരൻ തുടങ്ങിവച്ച ഈ സംരംഭം ഇപ്പോൾ ഒരു ജനകീയ സംരംഭമായി മാറിയിരിക്കുകയാണ്.

മാർച്ച് ഒമ്പതു മുതൽ തുടങ്ങിയ ഈ കാരുണ്യപ്രവർത്തി വേനൽക്കാലം തീരുന്നതുവരെ തുടരാനാണ് മുജീബിന്റെ തീരുമാനം. മുജീബിന്റെ കാരുണ്യപ്രവർത്തികൾ ഇപ്പോൾ തുടങ്ങിയതല്ല. കൊട്ടിയം ഷാഹുൽ ഹമീദ് ആൻഡ് സൺസിൽ ജോലി ചെയ്യുന്ന മുജീബിന്റെ നേതൃത്വത്തിൽ അവധി ദിവസമായ ഞായറാഴ്ച തെരുവോരങ്ങളിലും കാരുണ്യ ഭവനങ്ങളിലും ആഹാര വിതരണം നടത്തിവരുന്നുണ്ട്.

സ്വന്തം ഭവനത്തിൽ തന്നെ പാചകം ചെയ്യുന്നതിനാൽ നല്ല ആഹാരം ചിലവുകുറച്ചു ചെയ്തു പങ്ക് വക്കാൻ മുജീബിനു കഴിയുന്നു. അതോടൊപ്പം ആശുപത്രിയിലെത്തുന്ന പാവങ്ങളെ സഹായിക്കാനും പ്രതീക്ഷ സൗഹൃദ കൂട്ടായ്മ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യപ്രശ്നങ്ങളിലും ഈ ചെറുപ്പക്കാരൻ ഊർജ്വസലമായി പ്രവർത്തിക്കുന്നുണ്ട്. കൊട്ടിയം ചൂരപ്പൊയ്കയിലെ മുന്നൂറിലധികം കുടുംബങ്ങൾക്ക് വേണ്ടിയുള്ള സമരത്തിൽ സജീവമായിരുന്ന മുജീബിന്റെ നേതൃത്വത്തിൽ കൊട്ടിയം മയ്യനാട് റോഡിന്റെ നിർമാണത്തിനായി നിൽപ്പ് സമരം നടത്തിരുന്നു . പിന്നീട് രാഷ്ര്‌ടീയപ്പാർട്ടികൾ ഈ സമരം ഏറ്റെടുക്കുകയും ചെയ്തു.

സ്ത്രീ പീഡനങ്ങൾക്കെതിരെയുള്ള അനേകം സമരങ്ങൾക്കും മുജീബ് നേതൃത്വം നൽകിയിട്ടുണ്ട്. ഉമ്മയും വലിയുമ്മയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം മുജീബിനു എന്നും സഹായമായി തന്നെയാണ് നിലകൊള്ളുന്നത്. സമയമില്ല പണമില്ല എന്ന് പരാതി പറയുന്ന ഇന്നത്തെ ജനം മുജീബിനെ കണ്ടു പഠിക്കേണ്ടതു തന്നെയാണ്.