വാഷിംഗ്ടൺ: അമേരിക്കയ്ക്കു പുതിയൊരു മിസൈൽ പ്രതിരോധ സംവിധാനം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഉത്തരവുകളിലൊന്ന് ഇതിനായിരുന്നു.അമേരിക്കയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമാണ് പുതിയ മിസൈൽ കവചം. ഇറാനിലും ഉത്തരകൊറിയയിലും നിന്നുള്ള ഭീഷണി നേരിടുന്നതിനാണ് മിസൈൽ പ്രതിരോധ കവചം ഒരുക്കുന്നതെന്ന് ട്രംപിന്റെ ഉത്തരവിൽ പറയുന്നു.
ഇതോടൊപ്പം രാജ്യത്ത് ദേശാഭിമാനദിനം ആചരിക്കാനുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു. എന്നാണ് ആചരിക്കുക തുടങ്ങിയ കാര്യങ്ങൾ പിന്നീട് വിശദീകരിക്കും. മിസൈൽ കവച ഉത്തരവിലും വിശദാംശങ്ങൾ ഇല്ല. തന്റെ ഭരണത്തിന്റെ നയപരമായ മുൻഗണന വ്യക്തമാക്കാനാണ് ട്രംപ് ഈ ഉത്തരവ് ഇറക്കിയത്.
വൈറ്റ്ഹൗസിന്റെ നവീകരിച്ച വെബ്സൈറ്റിലും കാര്യമായ വിശദീകരണം ഇതിനു നൽകിയിട്ടില്ല. ഏറ്റവും നവീനമായിരിക്കും ഈ സംവിധാനം എന്നാണ് സൈറ്റിൽ പറയുന്നത്.
ഒബാമ ഭരണകൂടം ഒരു മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിച്ചിരുന്നു. ഉത്തരകൊറിയൻ മിസൈലുകളെ പ്രതിരോധിക്കാൻ പടിഞ്ഞാറൻ തീരത്ത് മിസൈലുകളെ തടയുന്ന മിസൈൽ ഭേദികളുടെ എണ്ണം 44 ആയി ഈവർഷാവസാനം വർധിക്കും. അതിനുള്ള പണം ഒബാമയുടെ ബജറ്റിൽ വകയിരുത്തിയിരുന്നു.
ഇവയുടെ എണ്ണം കൂട്ടാനും കൂടുതൽ നവീനമായ മിസൈൽ ഭേദികൾ സ്ഥാപിക്കാനുമാകും ട്രംപ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ നിരീക്ഷകർ കരുതുന്നു.
ഉത്തരകൊറിയയെ നേരിടാൻ മിസൈൽ പ്രതിരോധ സംവിധാനം
12:38 AM Jan 22, 2017 | Deepika.com