വിഷ്വൽ മീഡിയ അക്കാഡമി തുടങ്ങും

10:14 PM Mar 30, 2017 | Deepika.com
കൊല്ലം: ജില്ലയിലെ തൊഴിൽ തേടുന്ന അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്ക് കുറഞ്ഞ നിരക്കിൽ വിഷ്വൽ മീഡിയ സാങ്കേതികത പരിശീലിപ്പിക്കുന്നതിന് ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്‌ത സംരംഭമായി വിഷ്വൽ മീഡിയ അക്കാഡമി ആരംഭിക്കും. ഇതിന് ഒരു കോടി രൂപ ഉൾപ്പെടുത്തി.

ഭിന്നലിംഗക്കാർക്ക് സർക്കാർ അംഗീകൃത ഏജൻസി മുഖേനെ വീട് നൽകുന്ന പദ്ധതിക്ക് 40 ലക്ഷം, ഭിന്നലിംഗക്കാർക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിന് ജില്ലയിലെ ആദ്യ ട്രാൻസ് സ്കൂൾ സ്‌ഥാപിക്കാൻ 10 ലക്ഷം, ഭിന്നലിംഗക്കാർക്ക് തൊഴിൽ യൂണിറ്റുകൾ സ്‌ഥാപിക്കുന്നതിന് അഞ്ചുലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തി.

ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്ക് ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ വസ്തുവും വീടും നൽകുന്നതിനും ഒരു കോടി രൂപ മാറ്റിവച്ചു. ജില്ലയിലെ അർഹരായ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണത്തിന് അരക്കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അവശത അനുഭവിക്കുന്നതുമായ ഹൈസ്കൂൾ–കോളജ് വിദ്യാർഥികൾക്ക് പഠനമുറി നിർമിച്ച് നൽകുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി.സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ചടയമംഗലം കല്ലടത്തണ്ണിയിൽ മിനി ഹൈഡൽ പ്രോജക്ട് നടപ്പിലാക്കാൻ ഒരു കോടി രൂപയും മാറ്റിവച്ചു.

അഞ്ചൽ കോട്ടുക്കൽ ഫാമിൽ ഫാം ടൂറിസവും കാഷ്യു മ്യൂസിയവും സ്‌ഥാപിക്കൽ–ഒരു കോടി, ചവറ തെക്കുംഭാഗത്ത് അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ സ്മരണയ്ക്കായി അഴകത്ത് കലാഗ്രാമം സ്‌ഥാപിക്കൽ–50 ലക്ഷം, അഷ്ടമുടിക്കായൽ സംരക്ഷണത്തിന് കണ്ടലഴക് പദ്ധതി–ഒരു കോടി, ജില്ലയുടെ പ്രവേശന കവാടമായ ഓച്ചിറയിലും കടമ്പാട്ടുകോണത്തും പ്രവേശന കവാടം നിർമിക്കൽ–20 ലക്ഷം എന്നിവയും ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുന്നു.