ആചാരപെരുമയിൽ ഉമയനല്ലൂർആനവാൽപിടി ആവേശമായി

11:19 PM Mar 29, 2017 | Deepika.com
കൊല്ലം: ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആനവാൽപിടി ഭക്‌തിസാന്ദ്രവും ആവേശവുമായി. ഗജവീരൻ തൃക്കടവൂർ ശിവരാജുവിനാണ് ആനവാൽപിടിയ്ക്ക് നിയോഗിക്കപ്പെട്ടത്. വാൽപിടിക്ക് തയാറായി എത്തുന്ന ആന തെക്കേ നട വഴി ആനക്കൊട്ടിലിന് സമീപം വരും. തുടർന്ന് മേൽശാന്തി മൂന്നുവട്ടം ശംഖ് നാദം മുഴക്കുന്നതോടെ ആന ഭഗവാനെ വണങ്ങിയ ശേഷം പടിഞ്ഞാറെകാവ് ലക്ഷ്യമാക്കി ഓടുന്നതോടെ ചടങ്ങിന് തുടക്കമാകും.

ചടങ്ങിന് പ്രത്യേകം വ്രതമെടുത്ത ആറു ഭക്‌തർ വാലിൽപിടിക്കാൻ പിന്നാലെ ഓടും. കാപ്പുകെട്ടി വ്രതമെടുത്തവരാണിവർ.

കുട്ടിക്കാലത്ത് ഗണപതിയുടെ വാലിൽ പിടിച്ചുകളിയ്ക്കുന്നത് സഹോദരൻ ബാലമുരുകന്റെ പ്രധാന വിനോദമായിരുന്നുവെന്നും ഇതിന്റെ ഓർമയ്ക്കായാണ് ഈ ക്ഷേത്രത്തിൽ മാത്രം ഇത്തരമൊരു ചടങ്ങ് നൂറ്റാണ്ടുകളായി നടത്തിവരുന്നതുമെന്നുമാണ് വിശ്വാസം.

നൂറുകണക്കിന് ഭക്‌തരാണ് ആനവാൽപിടി ചടങ്ങ് കാണാൻ എത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് ചടങ്ങ് തുടങ്ങിയത്. നാളെ വൈകുന്നേരം നാലിന് ഉമയനല്ലൂർ ഏലായിലെ അഞ്ചുകരക്കാരുടെ വകയായി അഞ്ച് നെടുംകുതിര എടുപ്പ് വള്ളിയമ്പലത്തിൽ നിന്നും തുടങ്ങും.