മുംബൈ: കൂടുതൽ സുരക്ഷയുമായി പുതിയ പാൻ (പെർമനെന്റ് അക്കൗണ്ട് നമ്പർ) കാർഡുമായി കേന്ദ്രസർക്കാർ. ജനുവരി ഒന്നു മുതൽ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള പാൻ കാർഡുകൾ അച്ചടിച്ചുവരികയാണ്. എൻഎസ്ഡിഎലിലും യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസ് ലിമിറ്റഡിലും പ്രിന്റ് ചെയ്യുന്ന പാൻ കാർഡുകൾ പുതിയ അപേക്ഷകർക്കും പഴയത് പുതുക്കാനായി അപേക്ഷ നൽകിയവർക്കുമാണു ലഭിക്കുക.
പൂർണമായും യന്ത്രസഹായത്താൽ തയാറാക്കുന്ന കാർഡുകൾ തെറ്റില്ലാത്തവയായിരിക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെ സാക്ഷ്യപ്പെടുത്തൽ. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത്.
ക്വിക് റെസ്പോൺസ് കോഡ് എന്ന പുതിയ സംവിധാനമാണ് പുതിയ പാൻകാർഡുകളിൽ ഉപയോഗിച്ചിരിക്കുന്നത്. വേരിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാൻ ഈ സംവിധാനം സഹായിക്കും. രണ്ടു ലക്ഷത്തിനു മുകളിലുള്ള പണകൈമാറ്റങ്ങൾക്കും ബാങ്ക് അക്കൗണ്ട് രൂപീകരണത്തിനും തിരിച്ചറിയൽ രേഖയായി പാൻ കാർഡ് നിർബന്ധമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് 25 കോടിയിലധികം പാൻകാർഡ് ഉടമകളുണ്ട്.
കൂടുതൽ സുരക്ഷയുമായി പുതിയ പാൻ കാർഡ്
11:37 PM Jan 14, 2017 | Deepika.com