കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2016-2017ലെ മൂന്നാം പാദത്തിൽ 111.38 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. അറ്റാദായത്തിൽ 9.59 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പ്രവർത്തനലാഭത്തിൽ 43.30 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പകൾ 11.41 ശതമാനം വർധിച്ചു. നിക്ഷേപങ്ങളിൽ 19.00 ശതമാനം ആണു വർധന. മൊത്തം ബിസിനസിൽ 15.72 ശതമാനം, കറന്റ് അക്കൗണ്ട്, സേവിംഗ് അക്കൗണ്ടുകളിൽ 33.96 ശതമാനം, എൻആർഐ നിക്ഷേപങ്ങളിൽ 20.28 ശതമാനം, അറ്റ പലിശ ലാഭത്തിൽ 2.65 ശതമാനം, ഇതര വരുമാനത്തിൽ 68.61 ശതമാനം എന്നിങ്ങനെയാണു കഴിഞ്ഞവർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുന്പോഴുള്ള വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം വായ്പ 4,633 കോടി രൂപ വർധിച്ചു 45,234 കോടി രൂപയായി. എസ്എംഇ, ഭവന, കാർഷിക, വാഹന വായ്പകളിലും വസ്തുവിന്റെ ഈടിന്മേലുള്ള വായ്പകളിലും മികച്ച വളർച്ച കൈവരിക്കാൻ ബാങ്കിനായി. മൊത്തം നിഷ്ക്രിയ ആസ്തി ശതമാനം തൊട്ടുമുന്പത്തെ പാദത്തെ അപേക്ഷിച്ചു രണ്ട് ബേസിക് പോയിന്റുകൾ വർധിച്ചു.
കാർഷിക, എസ്എംഇ വായ്പകൾ 15.09 ശതമാനം വർധിച്ചു. ഭവന വായ്പകളിലും വസ്തു ഈടിന്മേലുള്ള വായ്പകളിലും 33.34 ശതമാനം വളർച്ച രേഖപ്പെടുത്തി. വാഹനവായ്പകളിലെ വളർച്ച 29.25 ശതമാനമാണ്.
നിക്ഷേപങ്ങൾ 10,153 കോടി രൂപ വർധിച്ച് 63,595 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടിൽ 4,197 കോടി രൂപയുടെ വർധനയോടെ 16,486 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 25 ശതമാനം ആണ് കറന്റ് ആൻഡ് സേവിംഗ്സ് അക്കൗണ്ട് (കാസ).
എൻആർഐ നിക്ഷേപങ്ങൾ 25.39 ശതമാനത്തിൽനിന്ന് 27.11 ശതമാനമായി. ഗൾഫിൽനിന്നുള്ള എൻആർഐ പണത്തിൽ കുറവുണ്ടായെങ്കിലും ബാങ്കിന്റെ എൻആർഐ നിക്ഷേപത്തിൽ 20.28 ശതമാനത്തിന്റെ വളർച്ചയുണ്ടായി. മൊത്തം ബിസിനസ് 14,786 കോടി രൂപ വർധിച്ചു 1,08,829 രൂപയായി
2016 ഡിസംബർ 31 ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്ത അനുപാതം 11.05 ശതമാനമാണ്.
2016 ഡിസംബർ 21നു ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ബിസിനസ് വിപുലീകരിക്കാനും ഭാവിയിലെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നിലവിലുള്ള ഓഹരിയുടമകൾക്ക് റൈറ്റ്സ് ഇഷ്യു നടത്താൻ തീരുമാനിച്ചിരുന്നു. 1:3 എന്ന അനുപാതത്തിലാണ് അവകാശഓഹരി നൽകുക.
പ്രീമിയം 13 രൂപ അടക്കം ഇക്വിറ്റി ഓഹരിക്ക് 14 രൂപയായിരിക്കും റൈറ്റ്സ് ഇഷ്യു നിരക്ക്. മികച്ച സേവനത്തിനുള്ള പുരസ്കാരങ്ങളും ബാങ്ക് നേടിയിട്ടുണ്ടെന്നും വി.ജി. മാത്യു ചൂണ്ടിക്കാട്ടി. ചെയർമാൻ സലിം ഗംഗാധരനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൂന്നാംപാദ അറ്റാദായം 111.38 കോടി രൂപ
11:59 PM Jan 11, 2017 | Deepika.com