കപ്പൽ ജോലിക്കിടയിൽ കാണാതായ സംഭവം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

11:15 PM Mar 28, 2017 | Deepika.com
കൊല്ലം: കപ്പൽ ജോലിക്കിടയിൽ കാണാതായ കൊല്ലം സ്വദേശി അഭിനന്ദ് യേശുദാസനെ കണ്ടെത്തുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എംപി തുർക്കി, സൗദി അറേബ്യ എംബസികൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി.

എംപി ആവശ്യപ്പെട്ടതനുസരിച്ച് തുർക്കി എംബസി അന്വേഷണം നടത്തുകയും അഭിനന്ദ് യേശുദാസൻ തുർക്കിയിലെത്തിയിട്ടില്ലെന്ന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.കപ്പൽ ഉടമാകമ്പനിയുമായും അഭിനന്ദിനെ ജോലിക്ക് നിയോഗിച്ച കമ്പനിയുമായും ബന്ധപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ അഭിനന്ദിനെ കാണാതായ സമയം കപ്പൽ ഈജിപ്ഷ്യൻ ജലാതിർത്തിക്കുള്ളിലായിരുന്നുവെന്നും ഫ്രാൻസിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് കപ്പലിന്റെ ഉടമസ്‌ഥരെന്നും അറിയിച്ചിട്ടുണ്ട്.

കപ്പൽ സഞ്ചരിച്ച ഈജിപ്റ്റ്, യുഎഇ, ജെദ്ദ തുടങ്ങി രാജ്യങ്ങളുമായി വിഷയം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും തുർക്കി എംബസി എൻ.കെ. പ്രേമചന്ദ്രൻ എംപി യെ അറിയിച്ചു.

തുർക്കി എംബസിയുടെ കത്തിന്റെ അടിസ്‌ഥാനത്തിൽ അഭിനന്ദ് യേശുദാസനെ കണ്ടെത്തുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഈജിപ്റ്റ് എംബസിയോടും കപ്പൽ ഉടമ കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ള ഫ്രാൻസ് എംബസിയോടും ആവശ്യപ്പെട്ട് പ്രേമചന്ദ്രൻ ഇ–മെയിൽ സന്ദേശം നൽകിയിട്ടുണ്ട്.

കപ്പൽ ഉടമസ്‌ഥനും കപ്പലിൽ ജോലിക്ക് നിയോഗിച്ച കമ്പനിക്കും അഭിനന്ദ് യേശുദാസനെ കാണാതായതിൽ ഉത്തരവാദിത്വമുള്ളതിനാൽ കമ്പനിയുമായി ബന്ധപ്പെട്ട് അഭിനന്ദിനെ കണ്ടെത്തുവാൻ ആവശ്യമായ സഹകരണം കമ്പനികളിൽ നിന്നും ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.