പൊന്മനയിലെ ജലക്ഷാമത്തിന് പരിഹാരമായി കുഴൽ കിണർ നിർമിച്ച് നൽകി

11:15 PM Mar 28, 2017 | Deepika.com
ചവറ: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന പന്മന പഞ്ചായത്തിലെ പൊന്മന വാർഡിന്റെ ദുരിതത്തിന് പരിഹാരമായി. കെഎംഎംഎൽ കമ്പനി നിർമിച്ചു നൽകിയ കുഴൽ കിണർ എംഡി റോയി കുര്യൻ ഉദ്ഘാടനം ചെയ്തു. നിലവിൽ ഇടപ്പള്ളികോട്ടയിൽ കമ്പനി സ്‌ഥാപിച്ച കുഴൽ കിണറിൽ നിന്നും ജലനിധി പൈപ്പ് ലൈൻ വഴിയാണ് ഇവിടെ ജല വിതരണം നടത്തുന്നത്. എന്നാൽ വാർഡിന്റെ മിക്ക ഭാഗങ്ങളിലും സുലഭമായി വെള്ളം കിട്ടാറില്ല. ഇതിന് പരിഹാരം തേടി വാർഡ് ജനപ്രതിനിധിയും വികസന സമിതിയും കമ്പനിയെ സമീപിച്ചതിനെ തുടർന്നാണ് കുഴൽ കിണർ അനുവദിച്ചത്.

സെവന്റീൻ കോളനിയിലെ ജോൺസൺ നൽകിയ വസ്തുവിലാണ് കെഎംഎംഎൽ കുഴൽ കിണർ നിർമിച്ചത്. കമ്പനി ജനറൽ മാനേജർ അജയകൃഷ്ണൻ, വാർഡ് വികസന സമിതി കൺവീനർ സുഗതൻ മംഗലത്തിന് താക്കോൽ കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി അധ്യക്ഷത വഹിച്ചു. സജിത് രഞ്ച്, രാകേഷ്, മാമൂലയിൽ സേതുകുട്ടൻ, ആർ. സുരേന്ദ്രൻ പിള്ള, ആർ. മുരളി, മോഹൻ പുന്തല എന്നിവർ പ്രസംഗിച്ചു. ഒരു മാസത്തിനകമാണ് കുഴൽ കിണർ നിർമാണം പൂർത്തിയാക്കിയത്.