സംയുക്‌ത ട്രേഡ് യൂണിയനുകൾ കെഎംഎംഎൽ പടിക്കൽ സമരം നടത്തും

11:15 PM Mar 28, 2017 | Deepika.com
ചവറ: കെഎംഎംഎൽ മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടികളിൽ പ്രതിഷേധിച്ച് സംയുക്‌ത ട്രേഡ് യൂണിയനുകൾ സമരവുമായി രംഗത്തെത്തുമെന്ന് വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. പൊന്മനയിൽ നിന്നും കമ്പനിക്കായി ഭൂമി ഏറ്റെടുത്തപ്പോൾ യോഗ്യതയുളളവർക്ക് സ്‌ഥിര നിയമനം നടത്താമെന്ന വാഗ്ദാനം കമ്പനി മനേജ്മെന്റ് നൽകിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണ്.

168 പേരുടെ ലിസ്റ്റ് കമ്പനി തയ്യാറാക്കിയെങ്കിലും അവരെ കരാറുകാരോടൊപ്പം ഖനനമേഖലയിൽ നിയോഗിച്ചിരിക്കുകയാണ്. ഖനന മേഖല ഒരു വർഷമായി സ്തംഭനത്തിലാണ്. തൊഴിലാളികൾക്ക് കിട്ടാനുളള വേതനം പോലും പൂർണമായി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുളളത്. ശമ്പള കുടിശിക നൽകണമെന്ന് കോടതി പറഞ്ഞിട്ട് പോലും മാനേജ്മെന്റ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കരാറുകാരുമായിട്ടുളള ചില ഉദ്യോഗസ്‌ഥരുടെ ബന്ധമാണ് ഖനന മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഐഎൻടിയുസി, എസ്ടിയു, എഐടിയുസി കൺവീനർമാരായ സന്തോഷ് തുപ്പാശേരി, എം.എ കബീർ, സജിത് രഞ്ജിത് എന്നിവർ പറഞ്ഞു.

ഖനന മേഖല സ്തംഭിച്ചിട്ടും മാനേജ്മെന്റ് സ്വകാര്യ മേഖലയിൽ നിന്നും കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നത് കമ്പനിയെ നഷ്ടത്തിലേക്ക് കൊണ്ട് പോകും. ഇടനിലക്കാരെ ഒഴിവാക്കി കമ്പനി നേരിട്ട് ഖനനം നടത്തിയാൽ കോടികൾ ലാഭം ഉണ്ടാക്കാം. എന്നാൽ ചിലരെ തൃപ്തിപ്പെടുത്താനായി സ്വകാര്യ കമ്പനിയെയാണ് ഖനനത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ഭൂമി നൽകിയവരുടെ കൂട്ടത്തിൽ യോഗ്യതയുളളവരുണ്ടെന്നിരിക്കെ ഇവർക്ക് സ്‌ഥിരനിയമനം നൽകാതെ കരാറടിസ്‌ഥാനത്തിൽ ടെക്നീഷ്യൻമാരായി നിയമിക്കുന്ന സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. കാരാറുകാരുടെയും കമ്പനി ഉദ്യോഗസ്‌ഥരുടെയും സ്പോൺസർ സമരവുമായി ചിലർ വന്നിരിക്കുന്നത് തൊഴിലാളികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരപരിപാടികളെപ്പറ്റി വിശദീകരിച്ച സജി വയലുവീട്ടിൽ, സുഗതൻ മംഗലത്ത് എന്നിവർ അറിയിച്ചു