മാധ്യമത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു നെതന്യാഹുവിനെതിരേ ആരോപണം

10:39 PM Jan 08, 2017 | Deepika.com
ജറൂസലേം: ആഴിമതി ആരോപണത്തെത്തുടർന്നു അന്വേഷണം നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെതിരെ പുതിയ ആരോപണം.

ഇസ്രയേലിലെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ യിദോത് അഹ്റോനോത്തിന്റെ ഉടമയെ തനിക്കു അനുകൂലമായ വാർത്തകൾ നൽകാൻ പ്രേരിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ടേപ്പ് പുറത്തായി. നെതന്യാഹുവിന്റെ രാഷ്്ട്രീയ ജീവിതത്തെ തന്നെ സ്വാധീനിക്കാൻ ശക്‌തിയുള്ളതാണ് പുതിയ ആരോപണം. തനിക്ക് അനൂകൂലമായ വാർത്തകൾ കൂടുതലായി പ്രസിദ്ധീകരിച്ചാൽ മുഖ്യഎതിരാളിയായ ഇസ്രയേൽ ഹയോം എന്ന പത്രത്തിന്റെ സർക്കുലേഷൻ പരിമിതപ്പെടുത്താമെന്നായിരുന്നു യിദോത് അഹ്റോനോതിന്റെ ഉടമ നോനി മോസസിനു നെതന്യാഹുവിന്റെ വാഗ്ദാനം.

നെതന്യാഹുവിന്റെ റിപ്പബ്ളിക്കൻ പാർട്ടിയുടെ കീഴിലുള്ള സൗജന്യ പത്രമാണ് ഇസ്രയേൽ ഹയോം. റിപ്പബ്ളിക്കൻ പാർട്ടി അനുകൂലിയായ യുഎസ് ശതകോടീശ്വരൻ ഷെൽഡൺ അഡൽസ ണാണ് പത്രത്തിന്റെ ഉടമ.

സൗജന്യമായി വിതരണം ചെയ്യുന്ന ഇസ്രയേൽ ഹയോമിന്റെ സർക്കുലേഷൻ പരിമിതപ്പെടുത്തുന്നതുവഴി യിദോത് അഹ്റോനോതിന്റെ പരസ്യവരുമാനം ഉയർത്താനാണ് നെതന്യാഹു ശ്രമിച്ചതെന്നു വാർത്ത പുറത്തുവിട്ട ചാനൽ 2 ടെലിവിഷൻ പറയുന്നു.

നെതന്യാഹുവും നോനി മോസസും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ടേപ്പാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ എന്നാണ് സംഭാഷണം നടന്നതെന്നു വ്യക്‌തമായിട്ടില്ല. ആരോപണം സംബന്ധിച്ച് നെതന്യാഹുവും മോസസും പ്രതികരിച്ചിട്ടില്ല. അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന നെതന്യാഹുവിനെ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.

ഹോളിവുഡ് സിനിമാ നിർമാതാവ് ഉൾപ്പെടെ പ്രമുഖ ബിസിനസുകാരിൽനിന്നു സമ്മാനങ്ങൾ സ്വീകരിച്ചതിനെക്കുറിച്ചും മറ്റൊരു അഴിമതിക്കേസിനെക്കുറിച്ചുമായിരുന്നു ചോദ്യം ചെയ്യൽ.