ഇന്ത്യ– യുഎസ് സഹകരണം പല ഭീകരാക്രമണങ്ങളും പരാജയപ്പെടുത്തിയെന്നു യുഎസ്

10:39 PM Jan 08, 2017 | Deepika.com
വാഷിംഗ്ടൺ: ഭീകരതയ്ക്കെതിരായ ഇന്ത്യ– യുഎസ് സഹകരണം മൂലം ഇന്ത്യയിലും അമേരിക്കയിലും നടക്കാമായിരുന്ന പല ഭീകരാക്രമണങ്ങളും പരാജയപ്പെട്ടെന്നു യുഎസ്.

ഒബാമ സർക്കാരിന്റെ കീഴിൽ ഇന്ത്യയും യുഎസും സഹകരിച്ചു നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനം വൻ വിജയമായിരുന്നെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിലിലെ ദക്ഷിണേഷ്യൻ കാര്യങ്ങൾക്കായുള്ള ഡയറക്ടർ പീറ്റർ ലെവോയ് പറഞ്ഞു. പുതിയ ഗവൺമെന്റിന്റെ കീഴിലും ഈ ബന്ധം തുടരാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പരാജയപ്പെട്ട ഭീകരാക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.

ഒബാമ സർക്കാരിന്റെ കാലത്തു ഇന്ത്യക്കു ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) അംഗത്വം ലഭിക്കാത്തതിനെ കുറിച്ചുചോദിച്ചപ്പോൾ ഏറെ താമസിക്കാതെ അത് സാധിക്കുമെന്നായിരുന്നു പീറ്റർ ലെവോയിയുടെ മറുപടി.

ആണവനിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യമെന്ന നിലയ്ക്ക് ഇന്ത്യക്ക് എൻഎസ്ജിയിൽ അംഗത്വം ലഭിക്കുന്ന കാര്യത്തിൽ ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസിനും അൽക്വയ്ദയ്ക്കുമെതിരായ നടപടികൾ യുഎസ് തുടരുമെന്നും പീറ്റർ ലെവോയ് പറഞ്ഞു.