ബാഗ്ദാദിൽ കാർബോംബ് ആക്രമണം; 23 മരണം

10:39 PM Jan 08, 2017 | Deepika.com
ബാഗ്ദാദ്: ബാഗ്ദാദിൽ ഇന്നലെ നടന്ന ഭീകരാക്രമണങ്ങളിൽ കുറഞ്ഞത് 23 പേർ കൊല്ലപ്പെട്ടു. ഷിയാകൾക്കു പ്രാമുഖ്യമുള്ള സദർസിറ്റിയിയിലെ ജമീലാ പച്ചക്കറിച്ചന്തയിൽ ഭീകരൻ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

നഗരത്തിൽ മറ്റൊരു ഭാഗത്തുള്ള പഴം, പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. മറ്റു മൂന്നിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ ഏഴുപേർകൂടി കൊല്ലപ്പെടുകയും 24 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഐഎസിന്റെ പിടിയിൽനിന്ന് മൊസൂൾ നഗരം മോചിപ്പിക്കാനുള്ള ശ്രമം ഊർജിതമായ സാഹചര്യത്തിൽ അവർ ഇറാക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം അഴിച്ചുവിടുകയാണ്. മൊസൂൾ പ്രാന്തത്തിലെ നിരവധി പ്രദേശങ്ങൾ പിടിച്ച ഇറാക്കിസൈനികരും കുർദു പോരാളികളും നഗരത്തെ രണ്ടായി വിഭജിക്കുന്ന ടൈഗ്രീസ് നദിയുടെ സമീപത്തേക്കു നീങ്ങുകയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ടൈഗ്രീസിന്റെ പടിഞ്ഞാറൻ മേഖല പൂർണമായും ഐഎസിന്റെ ആധിപത്യത്തിലാണ്.

മൊസൂളിന്റെ സമ്പൂർണ നിയന്ത്രണം പിടിച്ചെടുക്കാൻ മൂന്നു മാസത്തിലേറെ സമയം വേണ്ടിവരുമെന്നു ഡിസംബറിൽ ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദി വ്യക്‌തമാക്കിയിരുന്നു.മൊസൂൾ വീണാലും ഇറാക്കിലെ സാധാരണക്കാർക്കും സൈനികർക്കും എതിരേ ആക്രമണങ്ങൾ നടത്തി സംഘർഷം സൃഷ്‌ടിക്കാനാണ് ഐഎസിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. ബാഗ്ദാദ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ചാവേർ ആക്രമണങ്ങൾ നടത്തുന്നത് ഇതിന്റെ ഭാഗമായാണ്.