പഞ്ചായത്തംഗത്തിന്റെ വീട് ബിവറേജസിന് നൽകി: പ്രതിഷേധവുമായി നാട്ടുകാർ

11:37 PM Mar 22, 2017 | Deepika.com
ചവറ: ചവറ പഞ്ചായത്തംഗത്തിന്റെ വീട് ബിവറേജസ് മദ്യ വിതരണശാലക്ക് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭവവുമായി രംഗത്തെത്തി.

ദേശീയ പാതക്ക് സമീപം ചവറ തട്ടാശേരിയിൽ പ്രവർത്തിച്ച് വരുന്ന സർക്കാർ മദ്യ വിതരണ ശാലയാണ് തോട്ടിന് വടക്ക് ചവറ സർക്കാർ കോളേജിന് കിഴക്ക് ഭാഗത്തായി വരുന്നത്.

പഞ്ചായത്തംഗം വി. ജ്യോതിഷ്കുമാറിനെതിരെയാണ് മുദ്രാവാക്യങ്ങളുമായി പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ ജനകീയ കൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇവർക്ക് പിൻതുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയതോടെ സമരം ശക്‌തമായിരിക്കുകയാണ്. ഗേറ്റിന് മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയും കെട്ടി വച്ചിട്ടുണ്ട്. ജനവാസ നിബിഡമായ പ്രദേശത്ത് ഒരു കാരണവാശാലും സർക്കാർ മദ്യ വിതരണ ശാല വരാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

തുടർന്ന് ബിവറേജസ് വരാൻ പോകുന്ന വീടിനു മുന്നിൽ കുടിൽ കെട്ടുകയും ചെയ്തു. ശക്‌തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. തങ്ങളുടെ പ്രദേശത്തെ കൊച്ചുകുട്ടികൾക്ക് പോലും സർക്കാർ മദ്യശാല ഇവിടെ വന്നാൽ വഴി നടക്കാൻ പറ്റില്ല എന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകരുമെന്നുമാണ് സമരക്കർ പറയുന്നത്. പൊതു പ്രവർത്തകർക്ക് ഒരിക്കലും ചേരുന്ന നടപടിയല്ല ചെയ്തത്. പഞ്ചായത്തംഗം സ്വന്തം നില മറന്ന് ഒരു പ്രദേശത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഈ പ്രവർത്തിയിലൂടെ ചെയ്തിരിക്കുന്നതെന്ന് നാട്ടുകാർ രോക്ഷത്തോടെ പറയുന്നു.

സിപിഐ അംഗമായ ജനപ്രതിനിധി തന്റെ വീട് മദ്യ വിതരണശാലക്കായി കൊടുത്തതിൽ പാർട്ടി നേതാക്കളിൽ ചിലർ ഇദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മദ്യശാല പ്രദേശത്ത് നിന്ന് മാറ്റാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ചവറ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ ഉപരോധിക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുമെന്നു നാട്ടുകാർ പറയുന്നു.