ദൈവാനുഗ്രഹത്താൽ തോമസ് 107 ാം വയസിലും ജീവിക്കുന്നു

11:37 PM Mar 22, 2017 | Deepika.com
രാജീവ് ഡി.പരിമണം

കൊല്ലം: താൻ ദൈവാനുഗ്രഹം കൊണ്ടാണ് 107 വയസിലും ജീവിക്കുന്നതെന്ന് കൊല്ലം അമ്മൻനട ജോയിമന്ദിരത്തിൽ തോമസ് പറയുമ്പോൾ ആ മനസിന്റെ ഇച്ഛാശക്‌തിക്ക് മുന്നിൽ നമ്മൾ പ്രണമിച്ചു പോകും. ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചുവരികയാണ് ഈ 107കാരൻ.

ജില്ലയിലെ ഏറ്റവും മുതിർന്ന വ്യക്‌തിയാണ് തോമസ്. അടുത്തിടെ ജില്ലാകളക്ടർ വീട്ടിൽഎത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഹെർണിയ രോഗം മൂർച്ഛിച്ച് കുടലിന് തടസമായി ഒരാഴ്ചമുമ്പാണ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത്രയും പ്രായമായ ഒരു രോഗിക്ക് അടിയന്തിരമായി മേജർ ഓപ്പറേഷൻ ചെയ്യുന്നത് അത്യപൂർവമായിട്ടാണ്. ഇഎസ്ഐ ആശുപത്രിയിൽതന്നെ ആദ്യത്തെ സംഭവമാണ്.

ആശുപത്രിയിലെ സർജറി, അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ ശ്രമവും മനസാന്നിധ്യവും ഏറെ സഹായകമായി. സർജറി വിഭാഗം മേധാവി, ഡോ.സെൽവൻ ലൂക്കോസ്, അനസ്തേഷ്യവിഭാഗം ഡോ. ദിവ്യ, മറ്റ് ഡോക്ടർമാരായ അൽത്താഫ്, ഏലമ്മ, ആമോദ, സ്റ്റാഫ് നഴ്സ് ആനി, ടെക്നീഷ്യരായ മോഹനൻ, രജനി തുടങ്ങിയവരുടെ സേവന തൽപ്പരത എടുത്തുപറയേണ്ടവയാണ്.

മിക്കമരുന്ന് നൽകുമ്പോഴും അലർജിയുള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ പൂർണമാക്കിയത്. വാർധക്യത്തിന്റെ ആലസ്യമൊന്നുംതന്നെ തോമസിനില്ല.

ദൈവത്തിന് നന്ദി പറഞ്ഞ് കൂപ്പുകൈകളോടെയാണ് പലപ്പോഴും ക്ഷേമമന്വേഷിച്ചെത്തുന്നവരോട് ആരോഗ്യ കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നത്.

തികഞ്ഞ ഉന്മേഷവാനായ അദ്ദേഹത്തോട് പലതവണ ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടർമാർ ആരാഞ്ഞെങ്കിലും പൂർണമനസോടെ ശസ്ത്രക്രിയതന്നെ വേണമെന്ന് ഉറപ്പിച്ചുപറഞ്ഞതിനെതുടർന്നാണ് വിദഗ്ധസംഘം സർജറി നടത്തിയത്.

ഈ അപൂർവനേട്ടം സർജറി വിഭാഗത്തിന് ഏറെ അഭിമാനിക്കാവുന്നതാണ്. ഡോ.സെൽവൻ ലൂക്കോസാണ് നേതൃത്വം നൽകിവരുന്നത്. തങ്കമ്മയാണ് തോമസിന്റെ ഭാര്യ. ഇവർക്ക് ഏഴുമക്കളുണ്ട്.

ദൈനംദിനം നിരവധിഓപ്പറേഷനുകൾ ഇഎസ്ഐയിൽ നടക്കുന്നുണ്ടെങ്കിലും ഇത്രയും പ്രായമായ ഒരു രോഗിക്ക് ഒരു അടിയന്തിരമേജർ ഓപ്പറേഷൻ ആദ്യമാണൈന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കരൺസിംഗ് സോളങ്കിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.തനൂജയും പറഞ്ഞു.