കാറ്റിലും മഴയിലും കിഴക്കൻ മേഖലയിൽ വ്യാപകനാശം

11:37 PM Mar 22, 2017 | Deepika.com
പുനലൂർ: കനത്ത കാറ്റിലും മഴയിലും കിഴക്കൻ മേഖലയിൽ വ്യാപകനാശം. പത്തോളം വീടുകൾ ഭാഗീകമായി തകർന്നു. ലക്ഷകണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു.

ഇളമ്പൽ, മഞ്ഞമൺകാല സ്വദേശികളായ കൃഷ്ണൻ, മണിയമ്മ, കുഞ്ഞുമോൻ, പ്രസാദ്, രാധാകൃഷ്ണൻ, കലയനാട് സ്വദേശികളായ പ്രഭാകരൻ, റംലാബീവി, തൊളിക്കോട് സ്വദേശികളായ രാജു, മോഹനൻ എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകർന്നത്. മുസാവരി സ്വദേശിനി നബീസയുടെ വീടിന്റെ മേൽക്കൂരയും തകർന്നു. മഞ്ഞമൺകാല ഓർത്തഡോക്സ് പള്ളിയുടെ ചാപ്പലിനും ഭാഗീകമായി തകരാറുണ്ടായിട്ടുണ്ട്. കിഴക്കൻ മേഖലയിൽ വൈദ്യുതി ബന്ധവും തകരാറിലായി.

പുനലൂർ പവർ ഹൗസ് വാർഡിൽ പത്തോളം ഇലക്ട്രിക് പോസ്റ്റുകളാണ് തകർന്നത്. ലക്ഷകണക്കിന് രൂപയുടെ കൃഷി നാശവും സംഭവിച്ചു. കേളങ്കാവ് സ്വദേശി മംഗളാനന്ദന്റെ വാഴകൃഷിയും വെറ്റിലകൃഷിയും നശിച്ചു.

പാട്ടത്തിനെടുത്ത് കൃഷി ചെയ്ത അഷ്ടമംഗലം സ്വദേശി പ്രകാശിന്റെ വാഴകൃഷിയും കനത്തകാറ്റിൽ കടപുഴകി. തലയാംകുളം കോട്ടൂർ കിഴക്കേതിൽ തങ്കച്ചൻ, തിരുവാതിര ഭവനിൽ വേണുഗോപാൽ, ശ്രീപ്രഭയിൽ രമേശൻ നായർ എന്നിവരുടെ കൃഷികൾ പൂർണമായും നശിച്ചു. തലയാംകുളം, പവർഹൗസ് ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ പിഴുതുവീണ് വൈദ്യുതി ബന്ധം താറുമാറായി. ഇളമ്പൽ, മഞ്ഞമൺകാല, കലയനാട്, നെല്ലിപ്പള്ളി ഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി.തലയാംകുളം ഭാഗത്ത് വൈദ്യുതി ബോർഡ് ഉദ്യോഗസ്‌ഥർ ഇന്നലെ താറുമാറായ ലൈനിൽ അറ്റകുറ്റപണികൾ നടത്തി. ചില ഭാഗങ്ങളിൽ അറ്റകുറ്റപണി നടത്തി വൈദ്യുതി ബന്ധവും പുനസ്‌ഥാപിച്ചു.