സ്കൂൾ വികസന ഫണ്ടിന്റെ പേരിൽ വിദ്യാർഥികളെ കൊണ്ട് പണപിരിവ് നടത്തുന്നതായി പരാതി

11:37 PM Mar 22, 2017 | Deepika.com
കൊല്ലം: സ്കൂൾ വികസ ഫണ്ടിന്റെ പേരിൽ വിദ്യാർഥികളെ കൊണ്ട് പണപിരിവ് നടത്തുന്നതായി പരാതി. ചാത്തന്നൂർ ഉപജില്ലയിൽപ്പെട്ട യുപി സ്കൂളുകളിലെ കുട്ടികൾക്ക് അമ്പത് രൂപയുടെ കൂപ്പണുകൾ നൽകിയാണ് പിടിഎ നിർബന്ധ പിരിവ് നടത്തിക്കുന്നതായി പരാതി ഉയർന്നത്.

നാല് മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് നിരവധി കൂപ്പണുകൾ അടങ്ങിയ ബുക്കുകളാണ് സ്കൂൾ അധികൃതർ ഏൽപ്പിച്ചത്. ഇതോടെ നാടു മുഴുവൻ കൂപ്പണുകൾ വിറ്റ് നടക്കേണ്ട ഗതികേടിലാണ് കുട്ടികൾ. പരീക്ഷയായിട്ടും പഠനം ഉപേക്ഷിച്ച് കൂപ്പണുകൾ വിറ്റ് നടക്കുകയാണ് കുട്ടികളെന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു. അധ്യാപകർ കൂപ്പൺ ബുക്ക് നൽകിയതിനാൽ അനുസരിക്കാതിരിക്കാനും കുട്ടികൾക്ക് കഴിയുന്നില്ലെന്ന് രക്ഷകർത്താക്കൾ പറയുന്നു. ഇത് വിദ്യാർഥികൾക്ക് ഏറെ മാനസിക വിഷം ഉണ്ടാക്കുന്നുവെന്നും പറയപ്പെടുന്നു.

എംപി, എംഎൽഎ ഫണ്ടുകൾ സ്കൂൾ വികസനത്തിന് വിനിയോഗിക്കുന്നുണ്ടെന്നിരിക്കെ ഇത്തരത്തിൽ കുട്ടികളെകൊണ്ട് പിരിവ് നടത്തിക്കുന്നതിനെതിരെ രക്ഷകർത്താക്കളും നാട്ടുകാരും അമർഷത്തിലാണ്. അതേസമയം കുട്ടികളെ ഉപയോഗിച്ച് പണപിരിവ് നടത്തിയിട്ടില്ലെന്നും സ്കൂൾ വികസന സമിതി ഭാരവാഹികളാണ് പണസമാഹരണം നടത്തുന്നതെന്നും വിവിധ സ്കൂളുകളിലെ പിടിഎ ഭാരവാഹികൾ അറിയിച്ചു.