മലക്കുട ഉത്സവം നാളെ; കെട്ടുകാഴ്ച്ച ഒരുക്കങ്ങൾ തുടങ്ങി

11:37 PM Mar 22, 2017 | Deepika.com
ശാസ്താംകോട്ട: ദക്ഷിണഭാരതത്തിലെ ഏകദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തിമലനട മലക്കുടമഹോത്സവം നാളെ സമാപിക്കും.

മീനമാസത്തിലെ ആദ്യവെള്ളിയാഴ്ച കൊടിയേറി രണ്ടാംവെള്ളിയാഴ്ച മലക്കുടമഹോത്സവത്തോടെയാണ് ഉത്സവം സമാപിക്കുന്നത്. പ്രധാനക്ഷേത്രത്തിലെ ഉത്സവത്തിന് മുമ്പ് തന്നെ ഉപദേവാലയങ്ങളിലെ ഉത്സവം തീരും. പിന്നീടാണ് മലയപ്പൂപ്പൻകുടികൊള്ളുന്ന പ്രധാനക്ഷേത്രമായ മലനടയിലെ ഉത്സവം.

ഏഴുകരകളിൽ പ്രധാനകരയായ ഇടയ്ക്കാട്തെക്ക്–വടക്ക് കരകൾക്കായി വലിയ എടുപ്പുകാളയും, അമ്പലത്തുംഭാഗം, പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി എന്നീകരകൾക്ക് വലിയ എടുപ്പുകുതിരയും അണിനിരക്കും.

കൂടാതെ 200 ലധികംവരുന്ന ചെറുതും വലുതുമായ കെട്ടുരുപ്പടികളും നേർച്ചയായി ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ക്ഷേത്രത്തിന് സമീപമുള്ള മുരവ്കണ്ടത്തിൽ കെട്ടുരുപ്പടികൾ അണിനിരക്കുന്നതോടെ മലയപ്പൂപ്പന്റെ പ്രതിപുരുഷനായ ഊരാളി ഉറഞ്ഞുതുള്ളി താഴെ കണ്ടത്തിലെത്തി ഓരോകെട്ടുരുപ്പടികളും തൊട്ടനുഗ്രഹക്കുന്നതോടെ മലയപ്പൂപ്പന്റെ നേർച്ചക്കാഴ്ച്ചകൾ മലകയറി മലനടക്ഷേത്രത്തിന് വലംവച്ച് മടങ്ങും.