വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കാറും അജ്‌ഞാതർ തീവെച്ചു നശിപ്പിച്ചു

11:37 PM Mar 22, 2017 | Deepika.com
കൊട്ടാരക്കര: കിഴക്കെ മാറനാട്ട് വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കാറും അജ്‌ഞാതർ തീവെച്ചു നശിപ്പിച്ചു. ബൈക്ക് പൂർണമായും കാർ ഭാഗികമായും കത്തി നശിച്ചു.

കിഴക്കെ മാറനാട് ശരത് ഭവനത്തിൽ ശശിധരൻ പിള്ളയുടെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.

കത്തിയ ബൈക്കിൽ നിന്നും സമീപത്തുള്ള മാരുതി കാറിലേക്കും തീ പടരുന്ന കാഴ്ചയാണ് കണ്ടത്. ഓടിയെത്തിയവർ ബക്കറ്റുകളിലും കലങ്ങളിലും ശേഖരിച്ചുവച്ചിരുന്നു വെള്ളം ഒഴിച്ച് തീ കെടുത്തി. ശബ്ദം കേട്ട് അയൽവാസികളും വെള്ളവുമായി എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതുകൊണ്ട് കാറിന്റെ പിറക് വശം മാത്രമെ കത്തിയുള്ളു.

ഈ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതുകൊണ്ട് പൈപ്പ് വഴിയുള്ള വെള്ളം എല്ലാവരും ശേഖരിച്ചുവച്ചിരുന്നത് തീ അണക്കാൻ എളുപ്പമായി. ശശിധരൻപിള്ളയുടെ മകൻ അതുൽ കൃഷ്ണന്റേതാണ് ബൈക്ക്. മുൻപും രണ്ട് തവണ പെട്രോൾ ടാങ്കിൽ മണ്ണുവാരിയിട്ട് ബൈക്ക് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ടാങ്ക് പൊട്ടിതെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നില്ലായിരുന്നുവെങ്കിൽ വീടിന് തീപിടിച്ച് കൂടുതൽ നാശനഷ്ടവും ആളപായവുമുണ്ടായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. അതുൽ കൃഷ്ണൻ ബിജെപി പ്രവർത്തകനാണ്. ഓണത്തിന് ക്ലബ്ബിലെ വടംവലിയെ തുടർന്നുണ്ടായ സംഘർഷവും, ഗൾഫിലേക്ക് വിസ നൽകി വഞ്ചിച്ച ആളിനെതിരെ പോലീസിലും പരാതി നൽകിയിരുന്നു. ഇതാണോ പ്രകോപനത്തിന് കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

എഴുകോൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടായാള വിദഗ്ദർ എന്നിവർ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ, കർഷകമോർച്ച സംസ്‌ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക എന്നിവർ വീട് സന്ദർശിച്ചു. സംഭവത്തിനുത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജി.ഗോപിനാഥ് ആവശ്യപ്പെട്ടു.