ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന പണം തട്ടിയെടുത്തു; ഒരാൾ പിടിയിൽ

11:02 PM Mar 21, 2017 | Deepika.com
കരുനാഗപ്പള്ളി: ഓച്ചിറയിൽ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന 20ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത യുവാവിനെ പിടികൂടി. ആലുംപീടിക ചാന്നാംച്ചേരിൽ കിഷോർ (28)നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ഓച്ചിറ ഫെഡറൽ ബാങ്കിന് മുന്നിലായിരുന്നു സംഭവം. കല്ലൂർ മുക്കിലെ ബിവ്റേജസിലെ സിവിൽ സപ്ലൈസ്സിലെ പണം റൈറ്റർ സേഫ് ഗാർഡിലെ ജീവനക്കാരനായ ചുനക്കര സ്വദേശിയായ രമണൻ (31) ആണ് പണമടങ്ങിയ ബാഗുമായി ബൈക്കിൽ ബാങ്കിൽ പണം അടയ്ക്കാൻ എത്തിയത്.

ഹെൽമറ്റ് ഊരി മാറ്റുന്നതിനിടെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ട് യുവാക്കളിൽ ഒരാൾ ഓടി വന്ന് മുളക്സ്പ്രേ രമണന്റെ മുഖത്ത് അടിക്കാൻ ശ്രമിച്ചു.

ഇതിനിടെ പണം കൈക്കലാക്കിയ കിഷോർ ദൂരെ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ബൈക്കിന്റെ അടുക്കലേക്ക് ഓടുന്നതിനിടെ രമണനും പിന്നാലെ ബഹളം ഉണ്ടാക്കി ഓടിയെത്തി നാട്ടുകാരുടെ സഹായത്താൽ കിഷോറിനെ പിടികൂടുകയായിരുന്നു. ഉടൻ പോലീസ് എത്തി പണവുമായി നിന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ബൈക്കുമായി നിന്ന ഇയാളുടെ സുഹൃത്ത് കടന്ന് കളയുകയും ചെയ്തു. ഓച്ചിറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.