വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രംകുടുംബാരോഗ്യകേന്ദ്രമാകുന്നു

11:02 PM Mar 21, 2017 | Deepika.com
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാകുന്നു. പത്തനാപുരം നിയോജകമണ്ഡലത്തിൽ അനുവദിച്ച കുടുംബാരോഗ്യകേന്ദ്രം വിളക്കുടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് നടപ്പിലാക്കുന്നത്.

ഏപ്രിൽ ഏഴിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിലുള്ള കെട്ടിടങ്ങളും, സ്‌ഥലലഭ്യതയും, അടിസ്‌ഥാന സൗകര്യങ്ങളും യാത്രാസൗകര്യവുമാണ് കുന്നിക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുള്ള സാധ്യത വർധിപ്പിച്ചത് . കൊട്ടാരക്കരയ്ക്കും പുനലൂരിനും മധ്യേ ദേശീയപാതയോരത്ത് സ്‌ഥിതിചെയ്യുന്ന സർക്കാർ ആതുരാലയമാണിത്. ഇരുഭാഗങ്ങളിലേക്കും ഉള്ള താലൂക്ക് ആശുപത്രികളിലേക്ക് പത്ത് കിലോമീറ്ററിലധികം ദൂരമുണ്ട്.

വാളകം പത്തനാപുരം ശബരീബൈപാസിന്റെവശത്താണ് പിഎച്ച്സിഉള്ളത്. തീർഥാടനകാലത്ത് കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും ഈപാതയെയാണ്. വിളക്കുടി പഞ്ചായത്തിന് പുറമേമേലില, വെട്ടിക്കവല, പട്ടാഴി, തലവൂർ പഞ്ചായത്തുകളിലെ രോഗികൾ ഇവിടേക്കാണ് എത്തുന്നത്.

കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതോടെ ഇവിടെയുള്ള സംവിധാനങ്ങളിലും വളരെയധികം മാറ്റംഉണ്ടാകും. കിടത്തിചികിത്സ, 24 മണിക്കൂർ ഡോക്ടറുടെ സേവനം, എക്സ്റേ, സ്കാനിംഗ്, ലാബോറട്ടറി, വിശ്രമസ്‌ഥലം, പൂർണമായ ഡിജിറ്റിലൈസേഷൻ സംവിധാനം എന്നിവയും ലഭ്യമാക്കും.പിഎച്ച്സിയിലേക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേൺ മാത്രമേ നിലവിൽ ഇവിടെയുള്ളൂ. മിക്ക ദിവസങ്ങളിലും നൂറോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.