ജലസംരക്ഷണത്തിന് ശക്‌തമായ നടപടികളുണ്ടാവണം: എംഎൽഎ

10:50 PM Mar 21, 2017 | Deepika.com
കൊല്ലം: ജനങ്ങളിൽ ഏറിയപങ്കും ജലവിനിയോഗത്തിന്റെ കാര്യത്തിൽ ഇപ്പോഴും നിരക്ഷരതയിലാണെന്നും അതിനാൽ ഉത്തരവാദിത്തപ്പെട്ടവർ ശക്‌തമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും എം. നൗഷാദ് എംഎൽഎ അഭിപ്രായപ്പെട്ടു,

കൊല്ലം ശ്രീനാരായണാ കോളേജിൽ സംസ്‌ഥാന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും എസ്.എൻ.കോളേജ് നാച്വറൽ ക്ലബിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ലോക ജലദിനത്തിന്റെ ഭാഗമായി നടത്തിയ ഏകദിന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപ്രദേശത്ത് റോഡ് നിർമ്മാണങ്ങളിൽ കോൺക്രീറ്റ് പാകുന്ന അവസ്‌ഥയാണ് ഇന്നുള്ളത്. വീടിന്റെ മുറ്റത്തുപോലും ഇന്റർലോക്കിംഗ് സംവിധാനം ഒരുക്കി ജല–പരിസ്‌ഥിതി വിരുദ്ധ നിലപാടുകളുമായാണ് പലരും ഇന്ന് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ജലത്തെ മണ്ണിലേക്ക് ഇറങ്ങാൻ അനുവദിക്കാതെ മിക്കവരും സ്വീകരിക്കുന്ന നിലപാടുകൾ നല്ല മാനസികാരോഗ്യമുള്ള ഒരു ജനതയുടെ ലക്ഷണമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്തരം കാര്യങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ അവബോധങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ശക്‌തമായ നടപടികളുമായി നാം ഇറങ്ങിതിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നുണ്ടാകുന്ന ജലക്ഷാമം ഉൾപ്പെടെയുള്ള എല്ലാ പാരിസ്‌ഥിതിക പ്രശ്നങ്ങൾക്കും ഉത്തരവാദികൾ നാം തന്നെയാണ്. കേവലം ഗ്രാമപഞ്ചായത്തോ, മുൻസിപ്പൽ അധികൃതരോ, ഗവൺമെന്റോ മാത്രം വിചാരിച്ചാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. മറിച്ച് പൊതുസമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സിഡബ്ല്യൂആർഡിഎം ഐസോടോപ്പ് ഹൈഡ്രോളജി വിഭാഗം മേധാവിയും പ്രിൻസിപ്പൾ സയന്റിസ്റ്റുമായ സി.ഉണ്ണികൃഷ്ണവാര്യർ മുഖ്യപ്രഭാഷണം നടത്തി. നിലവിലെ സാഹചര്യം തുടർന്നു പോകുകയാണെങ്കിൽ 2075 ഓടെ ശാസ്താംകോട്ട തടാകം ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയിലെ വലിയ കുന്നുകൾ നിരപ്പാക്കിയതിന്റെ ഫലമായി ജലസ്രോതസുകൾക്കുള്ള സംരക്ഷണം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ തടാകം ഇപ്പോൾ ഒരു പരന്ന ഭൂപ്രകൃതിയായി മാറ്റപ്പെട്ടിരിക്കുന്നു. അധികം വൈകാതെ അതൊരു ചെളിക്കുഴിയായി രൂപാന്തരപ്പെടുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മനോജ് അധ്യക്ഷത വഹിച്ചു. സിഡബ്ല്യൂആർഡിഎം ചീഫ് സയന്റിസ്റ്റ് ഡോ.ജോർജ് എബി, എസ്.എൻ.കോളേജ് ഐക്യൂഎസി കോ–ഓർഡിനേറ്റർ ഡോ.ബി.ഹരി എന്നിവർ പ്രസംഗിച്ചു.