മീറ്റർ കമ്പനി സംരക്ഷിക്കാൻ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയെന്ന് എംഎൽഎ

10:50 PM Mar 21, 2017 | Deepika.com
കൊല്ലം: മീറ്റർ കമ്പനി (പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്) സംരക്ഷിക്കുന്നതിന് പ്രത്യക കർമ്മ പദ്ധതി ആവിഷ്കരിക്കാൻ ഉടൻ ഉന്നതതല യോഗം ചേരുമെന്ന് വൈദ്യുതിവ്യവസായ മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എം. എനൗഷാദ് എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു.

കമ്പനി നിലവിൽ ഉൽപ്പാദിപ്പിക്കുന്ന മീറ്റർ, വൈദ്യുതി ബോർഡ് നിഷ്കർഷിക്കുന്ന സാങ്കേതികവിദ്യ അടിസ്‌ഥാനമാക്കിയുള്ളതല്ല. ബോർഡ് നിഷ്കർഷിക്കുന്ന സാങ്കേതിക ഗുണമേന്മ ഉള്ള മീറ്റർ ഉൽപ്പാദിപ്പിക്കാൻ മീറ്റർ കമ്പനിയെ പ്രാപ്തമാക്കണമെന്നാണ് 16 ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്.

അതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ബന്ധപ്പെട്ട എല്ലാ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്‌ഥരെയും സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ചു ഉടൻ യോഗം ചേരാമെന്ന് വൈദ്യുതിവ്യാവസായിക മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചു താൻ ബന്ധപ്പെട്ട മന്ത്രിമാർക്കു കത്ത് നൽകിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ കൈവരിക്കാനും ഉല്പാദന സംവിധാനം സജ്‌ജീകരിക്കാനുമായി മീറ്റർ കമ്പനിക്ക് സർക്കാർ സഹായം വേണ്ടി വരും.

അതിന് വിശദമായ ചർച്ചയും പഠനവും വേണം. കമ്പനിയെ അടിമുടി നവീകരിക്കാനും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയും വിധം ശാക്‌തീകരിക്കുകയുമാണ് എൽ ഡി എഫ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം മീറ്റർ കമ്പനിയെ നിരന്തരം അവഗണിക്കുകയും പ്രതിസന്ധിയിലാക്കുകയുമാണ് യു ഡി എഫ് ചെയ്തതെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടാണ് മീറ്റർ കമ്പനിയെ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമുള്ള എൽ ഡി എഫ് സർക്കാരിന്റെ സമർപ്പിതമായ പരിശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ തയ്യാറാക്കുന്നതെന്ന് എം നൗഷാദ് എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.