തോട്ടത്തിലുപേക്ഷിച്ച എസ്കവേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു

12:17 AM Mar 18, 2017 | Deepika.com
കുളത്തൂപ്പുഴ: ലക്ഷങ്ങൾ വില വരുന്ന എസ്കവേറ്റർ തോട്ടത്തിലുപേക്ഷിച്ചത് സംരക്ഷണമില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നു.

പൊതു മേഖലാ സ്‌ഥാപനമായ ഓയിൽപാം ഇൻഡ്യാ ലിമിറ്റഡിന്റെ ഉടമസ്‌ഥതയിലുള്ള എസ്കവേറ്ററാണ് മാസങ്ങളായ ികുളത്തൂപ്പുഴ കണ്ടൻചിറ എണ്ണപ്പന തോട്ടത്തിനുള്ളിൽ യാതൊരു സംരക്ഷണവുമില്ലാതെ നിർത്തിയിട്ടിരിക്കുന്നത്.

എണ്ണപന തോട്ടത്തിനുള്ളിലെ ജോലികൾക്കായി എത്തിച്ച യന്ത്രം ജോലി അവസാനിച്ച ശേഷം തിരികെ ഓഫീസ് പരിസരത്ത് എത്തിക്കാതെ തോട്ടത്തിനുള്ളിൽ ഉപേക്ഷിച്ചതാണ് നശിക്കാൻ ഇടയാക്കുന്നത്.

തോട്ടത്തിലെ ജോലികൾക്കിടെ തകരാർ സംഭവിക്കുകയും എന്നാൽ അറ്റകുറ്റ പണി നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ തയാറാകാതെ വന്നതോടെ തോട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

മാസങ്ങളായി മഴയും വെയിലുമേറ്റ് കിടക്കുന്ന എസ്കവേറ്ററിന്റെ യന്ത്ര ഭാഗങ്ങളിൽ പലതും തുരുമ്പെടുത്തു നശിക്കുകയാണെന്നും ഇനി തോട്ടത്തിൽ നിന്നും നീക്കണമെങ്കിൽ പോലും ദിവസങ്ങൾ നീളുന്ന അറ്റകുറ്റ പണി ആവശ്യമാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

കടുത്ത വേനലിൽ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പടരുന്നത് പതിവാണ്. അത്തരത്തിൽ അടിക്കാടുകൾക്ക് തീ പടർന്നാൽ എസ്കവേറ്ററിന് കൂടുതൽ നാശം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും ഫാക്ടറി കെട്ടിടത്തിനു സമീപത്തേക്കോ, ഓഫീസ് കെട്ടിടത്തിനടുത്തേക്കോ മാറ്റിയിട്ട് വെയിലും മഴയുമേൽക്കാതെ സംരക്ഷണമൊരുക്കണമെന്നും തൊഴിലാളികൾ പറയുന്നു.