അധ്യാപക സെമിനാറും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

11:59 PM Feb 24, 2017 | Deepika.com
കൊല്ലം: സർക്കാർ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കരിയർ ഗൈഡുകൾക്കും സൗഹൃദ് കോ–ഓർഡിനേറ്റർമാർക്കുമായി സെമിനാർ നടത്തി.

കൊല്ലം വൈഎംസിഎ ഹാളിൽ നടന്ന സെമിനാർ എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ നടമാടുന്ന സ്വഭാവ വൈകല്യങ്ങൾക്കെതിരെ ജാഗരൂകരായിരിക്കുവാൻ പ്രാപ്തരാക്കുന്ന വലിയ സേവനമാണ് അധ്യാപകർ നിർവഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രായോഗിക ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ പതറാതെ തരണം ചെയ്യുന്നതിന് വിദ്യാർഥികളെ സജ്‌ജരാക്കുന്ന വലിയ ഉത്തരവാദിത്തമാണ് കരിയർ ഗൈഡുകളും സൗഹൃദ കോ–ഓർഡിനേറ്റർമാരും നിറവേറ്റുന്നതെന്ന് സ്റ്റേറ്റ് കോ– ഓർഡിനേറ്റർ സി.എം. അസിം അധ്യക്ഷത വഹിച്ചു.

ഹയർ സെക്കൻഡറി തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി. മുരളീധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് ജില്ലാ കോ– ഓർഡിനേറ്റർ ഫാ. തോംസൺ ഗ്രേസ്, ജോയിന്റ് കോ–ഓർഡിനേറ്റർ കെ.ബി. ജയശ്രീ, കൺവീനർമാരായ മാത്യു പ്രകാശ്. കസ്മീർ തോമസ്, ബിന്ദു ജെ.പി എന്നിവർ പ്രസംഗിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന മുരളീധരൻ നായർ പി, കെ.ബി. ജയശ്രീ എന്നിവരെ എം. നൗഷാദ് എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി. മുരളീധരൻ നായർ, ബാബു പള്ളിപ്പാട്ട്, ഡോ. റീനാ ജോർജ്,ഡോ. സി.എം. അസീം തുടങ്ങിയവർ സെമിനാറുകൾക്ക് നേതൃത്വം നൽകി.