നായക്കൾ കടിച്ച ഒന്നര വയസുകാരൻ സുഖം പ്രാപിച്ച് വരുന്നു

12:18 AM Feb 19, 2017 | Deepika.com
ചവറ: നായക്കൾ കടിച്ച ഒന്നര വയസുകാരൻ സുഖം പ്രാപിച്ച് വരുന്നു. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തിൽ രഞ്ജിത്ത് – പാർവതി ദമ്പതികളുടെ മകൻ നന്ദു എന്നു വിളിക്കുന്ന അഭിമന്യു (ഒന്നര) വാണ് ജില്ലാ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ നായക്കൂട്ടം വീടിനുള്ളിൽ നിന്നും വലിച്ചിഴച്ച് അടുത്ത വീട്ടിന്റെ പറമ്പിൽ കൊണ്ടുപോയി കടിച്ച് കീറുകയായിരുന്നു.

കുട്ടിയെ വീട്ടിൽ കിടത്തിയിട്ട് കുഞ്ഞിന്റെ അമ്മയും അമ്മൂമ്മയും വീടിനോട് ചേർന്നുള്ള തൊടിയിൽ നിന്നും വെള്ളമെടുക്കാൻ പോയ സമയത്താണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നായ്ക്കളെ ഓടിക്കുകയായിരുന്നു .

നിലത്ത് കിടന്നിരുന്ന ഒന്നര വയസുക്കാരനെ നായ്ക്കൾ കടിച്ച് കൊണ്ടു പോകുമ്പോൾ തൊട്ടടുത്ത കട്ടിലിൽ നാല് വയസുകാരി ചേച്ചി ഉണ്ടായിരുന്നുവെങ്കിലും നായ്ക്കൾ ഒന്നും ചെയ്തില്ല. അഭിമന്യുവിന് തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നായ്ക്കൾ ഉപദ്രവിച്ചതിന്റെ മുറിവുകൾ ഉണ്ട്. സ്‌ഥലം എം എൽ എ എൻ .വിജയൻ പിള്ള കുട്ടിയുടെ വീട് സന്ദർശിച്ചു.