കാഷ്യു ഫാക്ടറികൾ അടഞ്ഞുതന്നെ, സമരം തിരുവനന്തപുരത്തേയ്ക്ക്

12:18 AM Feb 19, 2017 | Deepika.com
കൊല്ലം: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ അടിയന്തിരമായി തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ നടത്തുന്ന സമരം സംസ്‌ഥാന തലസ്‌ഥാനത്തേയ്ക്ക് വ്യാപിക്കുന്നു.

ഇതിന്റെ ഭാഗമായി ഫെഡറേഷൻ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എംപി, വർക്കിംഗ് പ്രസിഡന്റ് എ.എ.അസീസ് എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളും നേതാക്കളും ഉൾപ്പെടെ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നാളെയും മറ്റന്നാളും രാപകൽ സമരം നടത്തും. നാളെ രാവിലെ പത്തിന് ആർഎസ്പി ദേശീയ സെക്രട്ടറി പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ സമരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 21ന് സമാപന സമ്മേളനം മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.

കശുവണ്ടി മേഖലയിൽ സ്വകാര്യ മേഖലയിൽ 395 ഫാക്ടറികളുണ്ട്. കാഷ്യു കോർപ്പറേഷന് 30 ഫാക്ടറികളും കാപ്പെക്സിന് പത്ത് ഫാക്ടറികളുമുണ്ട്. ഇവയെല്ലാം കുറെ നാളുകളായി അടഞ്ഞ് കിടക്കുകയാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്‌തമാക്കി. ഇതുകാരണം ഈ മേഖലയിലെ രണ്ട് ലക്ഷത്തോളം തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഇവ വീണ്ടും അടച്ചുപൂട്ടിയിട്ട് മൂന്നാഴ്ച ആകുന്നു.

തോട്ടണ്ടി വാങ്ങാൻ കഴിയാത്തത് കാരണമാണ് ഇവ അടച്ചത്. കോർപ്പറേഷനും കാപ്പെക്സും തോട്ടണ്ടിക്ക് ക്ഷണിച്ച കരാറുകൾ പരിശോധിക്കാനോ സ്‌ഥിരപ്പെടുത്താനോ ഡയറക്ടർ ബോർഡിലെ ധനകാര്യ വകുപ്പ് പ്രതിനിധികളുടെ അഭാവത്തിൽ നടന്നില്ല എന്നാണ് മനസിലാക്കുന്നത്.

വകുപ്പ് മന്ത്രി ആവർത്തിച്ച് പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ വിദേശത്തു നിന്ന് തോട്ടണ്ടി നേരിട്ട് വാങ്ങാൻ ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഫെഡറേഷൻ നേതാക്കൾ ആരോപിച്ചു. കോർപ്പറേഷൻ ഫാക്ടറികളും കാപ്പെക്സിന്റെ ഫാക്ടറികളും കൊട്ടിഘോഷിച്ച് തുറന്നത് സ്വകാര്യ വ്യവസായികളിൽ നിന്നാണ്. ഫാക്ടറികൾ തുറന്നില്ലെങ്കിൽ പട്ടിണി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

വിഎൽസിയുടെ ഫാക്ടറി പടിക്കലുകളിൽ സിഐടിയു നടത്തിയ സമരം ഒത്തുതീർപ്പാക്കിയത് തൊഴിലാളി വഞ്ചനയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടിയാലോന പരാജയപ്പെട്ടവർ ലാ അക്കാഡമിയിലെ സമരം മാനേജുമെന്റും എസ്എഫ്ഐയും ഒത്തുകളിച്ച് ഒത്തുതീർത്തതുപോലെ സിഐടിയു മാനേജുമെന്റുമായി രഹസ്യധാരണ ഉണ്ടാക്കി സമരത്തിൽ നിന്ന് തലയൂറുകയായിരുന്നു.

തോട്ടണ്ടി ലഭിക്കുന്നതനുസരിച്ച് മാർച്ചിൽ ഫാക്ടറികൾ തുറക്കാമെന്ന വാഗ്ദാനമാണ് വിഎൽസി മാനേജ്മെന്റ് നൽകിയത്. ഇത് പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ ഒരു വ്യക്‌തതയുമില്ല. വിഎൽസിയുടെ ഫാക്ടറികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഐഎൻടിയുസിയും യുടിയുസിയും എഐടിയുസിയും സമരരംഗത്തായിരുന്നു.

പ്രബലമായ ഈ യൂണിയനുകളെ ഒഴിവാക്കി സിഐടിയുവിനെ മാത്രം ചർച്ച് വിളിച്ച് സമരം ഒത്തുതീർപ്പാക്കി എന്ന് പറയുന്നതിൽ ഏറെ ദുരൂഹതയുണ്ട്. ഇടത് സംഘടനയായ എഐടിയുസിയെ പോലും സിഐടിയു വഞ്ചിക്കുകയായിരുന്നു. മറ്റ് സംഘടനകൾ ഇപ്പോഴും സമരം തുടരുകയാണ്.

ഫാക്ടറികൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ തൊഴിലാളികഴൾക്ക് ആശ്വാസ ധനസഹായവും സൗജന്യ റേഷനും അനുവദിച്ചിരുന്നു. അതുപോലും നൽകാൻ എൽഡിഎഫ് ഗവൺമെന്റ് തയാറാകാത്തത് കടുത്ത തൊഴിലാളി ദ്രോഹമാണെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.