ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി ദീർഘിപ്പിക്കരുത്: അഖിലകേരള കുറവർ മഹാസഭ

12:18 AM Feb 19, 2017 | Deepika.com
കൊട്ടാരക്കര: പട്ടികജാതി പട്ടികവർഗക്കാർക്ക് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസത്തിൽ നിന്നും മൂന്നു വർഷമായി ഉയർത്താനുള്ള ഗവൺമെന്റിന്റെ പുതിയ തീരുമാനം ഉപേക്ഷിക്കണമെന്ന് അഖിലകേരള കുറവർ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂണിയൻ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജാതി സർട്ടിഫിക്കറ്റ് തരപ്പെടുത്തി ജോലിയും മറ്റും കരസ്‌ഥമാക്കിയശേഷം ജാതിമാറുന്ന കാലഘട്ടമാണിത്. ഇതൊഴുവാക്കാൻ ആറുമാസത്തെ കാലാവധിയേ ജാതി സർട്ടിഫിക്കറ്റിന് നൽകാവു. കൃത്യമായ അന്വേഷണവും വേണം.

പട്ടികജാതിക്കാർക്കെതിരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങളും ജാതിപേര് വിളിച്ച് ആക്ഷേപിക്കുന്നതും അവസാനിപ്പിക്കുന്നതിന് ഗവൺമെന്റും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു. വിശദീകരണ യോഗത്തിൽ താലൂക്ക് യൂണിയൻ ഭാരവാഹികളായ പ്രസിഡന്റ് ജി. സുരേന്ദ്രൻ, സെക്രട്ടറി എൻ. വിജയൻ, ജോയിന്റ് സെക്രട്ടറി ബാബു.കെ, ട്രഷറർ രാധാകൃഷ്ണൻ.കെ എന്നിവർ സംബന്ധിച്ചു.