സേവനത്തിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കി ബഥാന്യഭവൻ

12:35 AM Feb 15, 2017 | Deepika.com
കരുനാഗപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സന്യാസ പ്രസ്‌ഥാനങ്ങളുടെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ തേവലക്കരയിൽ പ്രവർത്തനം നടത്തുന്ന ബഥനി കോൺവന്റിന്റെ നേതൃത്വത്തിലുള്ള ബഥാന്യഭവൻ ആതുരസേവനത്തിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കി ദശാബ്ദി ആഘോഷിക്കുന്നു.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വനിതകളുടെ പരിപാലനവും സംരക്ഷണവും ഉറപ്പ് വരുത്തി2007 ലാണ് ബഥാന്യഭവൻ തുടക്കം കുറിച്ചത്. ഏഴ് അന്തേവാസികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ സ്‌ഥാപനത്തിൽ ഇപ്പോൾ നാല്പതോളം അന്തേവാസികൾ ഇവിടെ താമസിക്കുന്നു.

വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുൾപ്പെടെ നിരവധി പേർ ഇവരുടെ സംരക്ഷണത്തിനായി നിരവധി സഹായങ്ങൾ ബഥാന്യഭവനു നൽകുന്നുണ്ട്. അതോടൊപ്പം സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിൽ നിന്നും ഗ്രാന്റും ഇവരുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നു.

കൂടാതെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വർഷത്തിലൊരിക്കൽ ബഥന്യാഭവന് സഹായവും നൽകുന്നുണ്ട്. ദശാബ്ദി ആഘോഷം നാളെ രാവിലെ ഒമ്പതിന് ബഥാന്യഭവനിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, കൊടിക്കുന്നിൽ സുരേഷ് എംപി, കോവൂർകുഞ്ഞുമോൻ എംഎൽഎ, അലക്സാണ്ടർ ജേക്കബ്, സബീനാബീഗം തുടങ്ങിയ സാമൂഹിക–സാംസ്കാരിക–ജനപ്രതിനിധികൾ ആഘോഷപരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ മർത്തമറിയം ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ബിജോയ് സിപി.ബഥാന്യഭവൻ സിസ്റ്റർ നിസി, സിസ്റ്റർ മോണിക്ക, വർഗീസ് തരകൻ തുടങ്ങിയവർ പങ്കെടുത്തു.